ലക്നൗ : ആഗസ്റ്റ് 5ന് തുടങ്ങാൻ പോകുന്ന രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജാ ചടങ്ങിന് രാമഭക്തർ അയോദ്ധ്യയിലേക്ക് തിരക്കിട്ട് എത്തരുതെന്ന് അഭ്യർത്ഥിച്ച് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ടെലിവിഷനിലൂടെ ചടങ്ങ് വീക്ഷിക്കണമെന്നും ഈ കൊവിഡ് മഹാമാരിയ്ക്കിടയിൽ നടക്കുന്ന ചടങ്ങിന്റെ പ്രതീകമായി അന്ന് വൈകിട്ട് വിളക്ക് കത്തിക്കണമെന്നും ട്രസ്റ്റ് ഭക്തരോട് പറയുന്നു. വൈറസ് പശ്ചാത്തലത്തിൽ ഭക്തർ കൂട്ടംകൂടുന്നത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ട്രസ്റ്റ് ഓർപ്പെടുത്തി.
ഭൂമി പൂജാ ദിവസമായ ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ സന്ദർശിച്ചേക്കുമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. മോദിയെ ക്ഷേത്രത്തിന്റെ തറക്കല്ലിടാനായി ട്രസ്റ്റ് ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ട്.
ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12.15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിർമാണത്തിന് തറക്കല്ലിടുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 150 അതിഥികൾ ഉൾപ്പെടെ 200 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ക്ഷേത്ര തറക്കല്ലിടീൽ ചടങ്ങിന് മുമ്പ് പ്രധാനമന്ത്രി തൊട്ടടുത്ത ഹനുമാൻ ഗഡി ക്ഷേത്രത്തിലനും രാം ലല്ലയുടെ താത്ക്കാലിക ക്ഷേത്രത്തിലും ആരാധന നടത്തിയേക്കും.
ഭൂമി പൂജ ചടങ്ങുകൾ ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ മറ്റ് ചാനലുകളിലും ചടങ്ങിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടാകുമെന്നാണ് ട്രസ്റ്റ് പറയുന്നത്.
മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്ധ്വാനി, മുരളീ മനോഹർ ജോഷി ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. അതേ സമയം, നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തയായിട്ടില്ല. കേന്ദ്ര മന്ത്രി അമിത് ഷാ ചടങ്ങിന് എത്തുമോ എന്നതും വ്യക്തമല്ല.