marithi

ന്യൂഡൽഹി: രാജ്യത്ത് ഏത് ചെറു റോഡിലൂടെ നടന്നാലും അവിടെ വീടുകളിലോ വഴിയോരത്തോ ഒരു മാരുതി സുസുകി കാറുണ്ടാകും. അത്രക്ക് ജനപ്രിയമാണ് ഇന്ത്യക്കും ഇവിടുത്തെ ജനങ്ങൾക്കും മാരുതി എന്ന ബ്രാൻഡ്. എന്നാൽ രാജ്യത്തെ കൊവിഡ് വ്യാപനവും അതിനെ തുട‌ർ‌ന്ന് നിരന്തരം ഏർപ്പെടുത്തുന്ന ലോക്ഡൗണുകളും മാരുതിയുടെ കാർ വിൽപനയെ ഇപ്പോൾ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ത്രൈമാസ വിൽപനയിൽ കഴിഞ്ഞ 17 വർഷത്തിലാദ്യമായി മാരുതി നഷ്‌ടം രേഖപ്പെടുത്തി. 249.4 കോടിയാണ് ഏപ്രിൽ-ജൂൺ മാസങ്ങളിൽ നഷ്ടം. കഴിഞ്ഞ വർഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്.

2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 3677.5 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 80.37 ശതമാനം കുറവാണ്. ജൂൺ 30ഓടെ ആകെ മൊത്തം ലഭിച്ച വരുമാനം 5424.8 കോടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 73.61 ശതമാനം വരുമാനം കുറവാണിത്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ ചിലവിലും വലിയ കുറവുണ്ട്. കഴിഞ്ഞ വർഷം വാഹന വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിലവ് 18465.3 കോടിയായിരുന്നു ഈ വർഷം 69.05 കുറഞ്ഞ് 5770.5 കോടിയായി.ഈ സാമ്പത്തിക വർഷത്തിൽ 67027 വാഹനങ്ങൾ രാജ്യത്തും 9572 വാഹനങ്ങൾ വിദേശത്തും വി‌റ്റഴിച്ചു. മൊത്തം ഈ സാമ്പത്തിക വർഷത്തിൽ 76599 വാഹനങ്ങൾ വി‌റ്റു. കമ്പനി ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത തരം മോശമായ മൂന്ന് മാസങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് മാരുതി കമ്പനി അറിയിച്ചു. ലോക്ഡൗൺ തുടങ്ങി കുറച്ച് നാളുകളിൽ നിർമ്മാണവും വിൽപനയും നടന്നതേയില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. ഓഹരി വിപണിയിലും മാരുതിയുടെ മൂല്യം 2.65 ശതമാനം ഇടിവുണ്ടാകുകയും ചെയ്‌തു.