ടോക്കിയോ: ദക്ഷിണ കൊറിയയിലെ സ്വകാര്യ പാർക്കിൽ സ്ഥാപിച്ച പ്രതിമകളെ വിമർശിച്ച് ജപ്പാൻ. പ്യോഗ്ചാംഗിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ച പ്രതിമകളും അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയവുമാണ് ജപ്പാനെ ചൊടിപ്പിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ 'കംഫർട്ട് വുമണി'നു മുന്നിൽ മുട്ടുകുത്തി ക്ഷമയാചിക്കുന്ന പ്രതിമയാണിത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണയ്ക്കായാണ് 'അനശ്വരമായ പശ്ചാത്താപം' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അത് ഒരിക്കലും ക്ഷമിക്കാനാവാത്ത വിടവാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ജപ്പാൻ ക്യാബിനറ്റ് സെക്രട്ടറി യൊഷിഹിഡെ സുഹ അഭിപ്രായപ്പെട്ടത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിലെ വേശ്യാലയങ്ങളിൽ കൊറിയൻ പെൺകുട്ടികളെ നിർബന്ധിത വേശ്യാവൃത്തിക്കായി ഉപയോഗിച്ചിരുന്നു. അവർക്കു മുന്നിൽ പിന്നീട് ഭരണാധികാരികൾ നിരുപാധികം മാപ്പു പറഞ്ഞതിന്റെ സ്മരണയായാണ് പ്രതിമ ഉയർന്നത്. എന്നാൽ, തങ്ങളുടെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു എന്നാണ് ജപ്പാൻ ആരോപിക്കുന്നത്. 'തങ്ങൾക്കുണ്ടായ വലിയ തെറ്റിന് മാപ്പു ചോദിക്കുന്ന മഹാമനസ്കതയെയാണ് പ്രതിമകളുടെ വിഷയം. അത് ആബേയല്ല ആരായാലും മാപ്പു ചോദിച്ച് പോകും. അതിനെ മറ്റാെരു രീതിയിൽ കാണുന്നത് ഞങ്ങളുടെ കുഴപ്പമല്ല.' - ദക്ഷിണ കൊറിയ അറിയിച്ചു.
2015ൽ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുണ്ടായ ഉടമ്പടിയിൽ പൂർവികർ ചെയ്ത തെറ്റിന് ആബേ നിരുപാധികം മാപ്പു ചോദിക്കുകയും അത്തരം പെൺകുട്ടികൾക്കായി ഒരു തുക ബഡ്ജറ്റിൽ നീക്കി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജെ ഇൻ തുക അപര്യാപ്തമാണെന്നും ക്ഷമ സ്വീകരിക്കാനാവില്ലെന്നും പറഞ്ഞ് ഇത് തള്ളിക്കളഞ്ഞു.