ലക്നൗ : മഹേന്ദ്ര സിംഗ് ധോണിയുടെ യഥാർത്ഥ പിൻഗാമിയെന്ന വിശേഷണത്തിന് അർഹൻ രോഹിത് ശർമ്മയാണെന്ന് ഇന്ത്യൻ താരവും ധോണിയുടെ അടുത്ത സുഹൃത്തുമായ സുരേഷ് റെയ്ന . രോഹിതിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനാക്കിയാൽ ധോണിയേപ്പോലെ അസൂയാവഹമായ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് റെയ്നയുടെ പക്ഷം. ‘ദ സൂപ്പർ ഓവർ പോഡ്‌കാസ്റ്റ്’ എന്ന പരിപാടിയിലാണ് രോഹിത് ശർമയുടെ ക്യാപ്ടൻസി മികവിനെക്കുറിച്ച് റെയ്ന വാചാലനായത്.
ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിംഗ്സിലുമായി ദീർഘകാലം ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണ് റെയ്ന. 2018ലെ നിദാഹാസ് ട്രോഫിയിൽ രോഹിതിന്റെ ക്യാപ്ടൻസിക്കു കീഴിലും കളിച്ച പരിചയം റെയ്നയ്ക്കുണ്ട്. ഇൗ അനുഭവം വച്ചാണ് ഇന്ത്യയുടെ രണ്ടാം ധോണി രോഹിത്താണെന്ന് റെയ്ന പറയുന്നത്.
‘ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അടുത്ത എം.എസ്. ധോണിയാണ് രോഹിത് ശർമയെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹം വളരെ ശാന്തനാണ്, മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയാറാണ്, സഹതാരങ്ങൾക്ക് ആത്മവിശ്വാസം പകരാനുള്ള കെൽപ്പുണ്ട്, എല്ലാറ്റിലുമുപരി മുന്നിൽനിന്ന് നയിക്കുന്നയാളാണ്. ഓരോ താരങ്ങളെയും വിലമതിക്കുകയും അതിനൊപ്പം മുന്നിൽനിന്ന് നയിക്കുകയും ചെയ്യുന്ന ഒരു ക്യാപ്ടനുണ്ടെങ്കിൽ പിന്നെന്തു നോക്കാൻ?’ – റെയ്ന ചൂണ്ടിക്കാട്ടി.
‘ടീമിലെ ഓരോരുത്തരും ക്യാപ്ടൻമാരാണെന്ന് കരുതുന്ന ക്യാപ്ടനാണ് രോഹിത്. അദ്ദേഹത്തിന്റെ നായക മികവ് തൊട്ടടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് ഞാൻ. ബംഗ്ലദേശിൽ നടന്ന നിദാഹാസ് ട്രോഫിയിൽ നമ്മൾ കിരീടം ചൂടിയപ്പോൾ അദ്ദേഹത്തിനു കീഴിൽ ഞാനും കളിച്ചിരുന്നു. ഷാർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും യുസ്‌വേന്ദ്ര ചഹലും ഉൾപ്പെടെയുള്ള യുവതാരങ്ങളെ രോഹിത് പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്’ – റെയ്ന വിശദീകരിച്ചു.
ക്യാപ്ടൻ രോഹിത്
രോഹിത് ശർമയുടെ ക്യാപ്ടൻസി മികവ് അദ്ദേഹത്തിന്റെ ഐ.പി.എൽ കരിയർ സാക്ഷ്യപ്പെടുത്തും. എട്ടു വർഷത്തിനിടെ നാലു തവണ മുംബൈ ഇന്ത്യൻസിനെ ഐ.പി.എൽ കിരീടത്തിലേക്കു നയിച്ച ക്യാപ്ടനാണ് രോഹിത് ശർമ. ഇന്ത്യൻ ടീമിന്റെ സ്ഥിരം നായകനായ വിരാട് കൊഹ‌്ലിക്ക് വിശ്രമം അനുവദിക്കുന്ന വേളകളിൽ ടീമിന്റെ നായകസ്ഥാനത്തെത്തുന്ന രോഹിത്ത് 2018ലെ നിദാഹാസ് ട്രോഫിയിലും അതേ വർഷം നടന്ന ഏഷ്യാകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രോഹിത് നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും ഇന്ത്യ ജയിച്ചു. 20 ട്വന്റി20 മത്സരങ്ങളിൽ 16ലും ജയിച്ചു.
‘രോഹിത് നായകനാകുമ്പോൾ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെ മുന്നേറാൻ യുവതാരങ്ങൾക്ക് കഴിയുന്നുണ്ട്. നായകന്റെ തണലിൽനിന്ന് ആസ്വദിച്ചു കളിക്കുമ്പോൾ ടീമിനുള്ളിലെ അന്തരീക്ഷം വളരെ പോസിറ്റിവായിരിക്കും. ഇക്കാര്യത്തിൽ സമാനതകളില്ലാത്ത നായകനാണ് രോഹിത്’– സുരേഷ് റെയ്ന