അംബാല: ചൈനയും പാകിസ്ഥാനും പ്രകോപനങ്ങൾ തുടരുമ്പോൾ, ഇന്ത്യൻ വ്യോമസേനയ്ക്ക് പ്രഹരശേഷിയിൽ മേൽക്കോയ്മ നൽകിക്കൊണ്ട്, ഫ്രാൻസിൽ നിന്ന് ആയുധ സജ്ജമായി എത്തിയ അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്നലെ ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ ലാൻഡ് ചെയ്തു. 59,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് വാങ്ങുന്നത്.
ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആദ്യവിമാനവും തുടർന്ന് ഒന്നൊന്നായി നാല് വിമാനങ്ങളും ലാൻഡ് ചെയ്തു. ഒറ്റ സീറ്റുള്ള മൂന്നും, പരിശീലനത്തിനു ഉപയോഗിക്കാവുന്ന രണ്ട് സീറ്റുകളുള്ള രണ്ടു വിമാനങ്ങളുമാണ് എത്തിയത്. ഇന്നലെ തന്നെ അംബാല ആസ്ഥാനമായ 17-ാം ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ ഉൾപ്പെടുത്തി.
വിമാനങ്ങളുടെ ലാൻഡിംഗ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചതിങ്ങനെ, ''പക്ഷികൾ അംബാലയിൽ സുരക്ഷിതമായി ഇറങ്ങി''. ജലപീരങ്കികൾ സ്വാഗതമഴ വർഷിച്ച് എതിരേറ്റ വിമാനങ്ങളെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ സ്വീകരിച്ചു.
17-ാം സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ ഹർകിരാത്ത് സിംഗിന്റെ നേതൃത്വത്തിൽ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങൾ പറത്തിയത്. ഇവരിൽ ഒരാൾ കോട്ടയം സ്വദേശി വിംഗ് കമാൻഡർ വിവേക് വിക്രം ആയിരുന്നു.
റാഫേൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ കടന്നതു മുതൽ രണ്ട് സുഖോയ് വിമാനങ്ങൾ അകമ്പടി സേവിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന് മീതേ എത്തിയപ്പോൾ അറബിക്കടലിൽ താവളമടിച്ചിട്ടുള്ള ഐ.എൻ.എസ് കൊൽക്കത്ത റേഡിയോ സന്ദേശത്തിൽ സ്വാഗതം ആശംസിച്ചു.
'ഇന്ത്യൻ സമുദ്രത്തിലേക്ക് സ്വാഗതം. നിങ്ങൾ ആകാശത്ത് തിളങ്ങട്ടെ. സന്തോഷത്തോടെ ലാൻഡ് ചെയ്യുക''...അതിന് പൈലറ്റിന്റെ
(ഏയ്റോ ലീഡർ ) മറുപടി: '' കാറ്റ് അനുകൂലമാകട്ടെ, യാത്ര സന്തോഷകരമാകട്ടെ, ഓവർ ആൻഡ് ഔട്ട് ''
7,000 കിലോമീറ്റർ
ഫ്രാൻസിലെ ബോർദിയോയിലെ മെറിനാക് വ്യോമത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി അബുദാബി അൽദഫ്ര താവളത്തിൽ എത്തിയ വിമാനങ്ങൾ ചൊവ്വാഴ്ച അവിടെ തങ്ങിയ ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി 2,700 കിലോമീറ്റർ സഞ്ചരിച്ചാണ് എത്തിയത്. ഫ്രാൻസിൽ നിന്ന് മൊത്തം 7,000 കിലോമീറ്റർ.
ആയുധങ്ങൾ
@മീറ്റിയോർ മിസൈലുകൾ (റേഞ്ച് 150 കി.മീ. )
@സ്കാൽപ്പ് ക്രൂസ് മിസൈൽ (റേഞ്ച് 300 കി.മീ )
@മൈക്ക മിസൈൽ
@ഹാമർ മിസൈൽ
@30 എം.എം ജിയാറ്റ് തോക്കുകൾ
@മറ്റ് ആധുനിക ആയുധങ്ങൾ
ഇന്ത്യയ്ക്ക് വേണ്ടി മാത്രം
@ഹെൽമറ്റിൽ കാണാൻ ഇസ്രയേലി സങ്കേതം
@റഡാർ മുന്നറിയിപ്പിനുള്ള റിസീവർ
@ലോ ബാൻഡ് ജാമർ
@ഇൻഫ്രാ റെഡ് ട്രാക്കിംഗ്
@പത്ത് മണിക്കൂർ ഫ്ലൈറ്റ് ഡേറ്റാ റെക്കാഡിംഗ്
@പർവതങ്ങളിലെ തണുപ്പിൽ എൻജിൻ സ്റ്റാർട്ടിംഗ് സൗകര്യം
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്
1. സുഖോയ് 30 എം.കെ.ഐ (272 എണ്ണം): റഷ്യൻ സാങ്കേതികവിദ്യ. എച്ച്.എ.എല്ലിൽ നിർമ്മിക്കുന്നു. ഇരട്ട സറ്റ, ഇരട്ട എൻജിൻ. 8000 കിലോ ആയുധം വഹിക്കാം. ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ചത്. മിസൈൽ ആക്രമണം മുൻകൂട്ടി അറിയാൻ റഡാർ. 2500 കിലോമീറ്റർ വേഗത. 12 എണ്ണത്തിനു കൂടി ഓർഡർ നൽകി.
2. മിറാഷ് 2000(45 എണ്ണം): ഫ്രഞ്ച് കമ്പനി ദസോ നിർമ്മിതം. കാർഗിൽ യുദ്ധത്തിലെ ഹീറോ. പ്രധാന: 30 എം.എം പീരങ്കി. ആർ 550 മാജിക് ക്ളോസ് കോംപാക്ട് മിസൈൽ. പേ ലോഡ് 6000 കിലോ ഗ്രാം. 2495 കിലോമീറ്റർ വേഗത.
3. മിഗ് 29 (65എണ്ണം): റഷ്യൻ സാങ്കേതികവിദ്യ. ഇരട്ട എൻജിൻ, ഒറ്റ സീറ്റർ. 2445 കിലോമീറ്റർ വേഗത. 17കിലോമീറ്റർ ആക്രമണ പരിധി. പ്രധാന ആയുധം: 4 ആർ-60 കൊപാക്ട്, 2 ആർ. 27 ആർ മദ്ധ്യദൂര റഡാർ നിയന്ത്രിത മിസൈലുകൾ. 21ന് കൂടി ഓർഡർ നൽകി
4. മിഗ് 21 ബൈസൺ (54എണ്ണം): റഷ്യൻ സാങ്കേതിക വിദ്യ. ഒറ്റ എൻജിൻ, ഒറ്റ സീറ്റർ. 2230 കിലോമീറ്റർ വേഗത. പ്രധാന ആയുധം: നാല് ആർ-60 ക്ളോസ് കംപാക്ട് മിസൈലുകൾ
5. ജാഗ്വാർ(118 എണ്ണം): യൂറോപ്യൻ സാങ്കേതിക വിദ്യ. ഇരട്ട എൻജിൻ ബോംബർ. സിംഗിൾ സീറ്റർ, 1350 കിലോമീറ്റർ വേഗത. രണ്ട് ആർ-350 മാജിക് സി.സി.എം മിസൈലുകൾ. പേ ലോഡ് 4750 കിലോഗ്രാം
6. തേജസ്(17 എണ്ണം): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സിംഗിൾ എൻജിൻ ലൈറ്റ് കോംപാക്ട് വിമാനം. മണിക്കൂറിൽ 1,350 കിലോമീറ്റർ വേഗത. 500 കിലോമീറ്റർ ആക്രമണ പരിധി. പേ ലോഡ് 5300 കിലോ ഗ്രാം. ആയുധം: അസ്ത്ര, ആർ-73 മിസൈൽ. 24ന് കൂടി ഓർഡർ നൽകി
തേജസോടെ ആകാശത്ത്
വിരാജിക്കൂ: മോദി
രാജ്യത്തെ സംരക്ഷിക്കുന്നതിനെക്കാൾ വലിയ അനുഗ്രഹമില്ല. രാജ്യത്തെ സംരക്ഷിക്കുകയെന്നത് സത്പ്രവൃത്തിയും നീതിബോധമുള്ളതുമായ കാര്യമാണ്. അതിനപ്പുറം മറ്റൊന്നുമില്ല. തേജസോടെ ആകാശത്തെ സ്പർശിക്കൂ. സ്വാഗതം.
- പ്രധാനമന്ത്രി നരേന്ദ്രമോദി
(സംസ്കൃതത്തിലായിരുന്നു മോദിയുടെ ട്വീറ്റ്)