covid-vaccine

മോസ്കോ: കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ ആദ്യ രാജ്യമാകാനൊരുങ്ങി റഷ്യ. ആഗസ്റ്റ് പകുതിയോടെ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാ‌‌ർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലാണ് ഇപ്പോൾ നടക്കുന്നത്. ആഗസ്റ്റ് പത്തിനു മുമ്പായി വാക്സിൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് വിവരം. ഇതിനുള്ള തയ്യാറെടുപ്പുകൾ റഷ്യ പൂർത്തിയാക്കി കഴിഞ്ഞു.

ലോകത്ത് ആദ്യമായി വാക്സിൻ ക്ലിനിക്കൽ പരീക്ഷണം റഷ്യ പൂർത്തിയാക്കിയതായി മുമ്പ് വാ‌ർത്തകൾ വന്നിരുന്നുവെങ്കിലും ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയിക്കുക മാത്രമാണ് ചെയ്തതെന്ന് പിന്നീട് അന്താരാഷ്ട്ര ഏജസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്ന് ഘട്ടങ്ങളും വിജയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരാത്ത സാഹചര്യത്തിൽ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.
മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചാലും ആദ്യഘട്ടത്തിൽ മുൻനിര ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ ലഭ്യമാക്കുക. ഇതിനു ശേഷം പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങും. വാക്സിൻ പുറത്തിറക്കുന്നതിനെ 'ഒരു സ്പുട്നിക് നിമിഷം" എന്നാണ് ഗവേഷണത്തിന് ധനസഹായം ചെയ്യുന്ന റഷ്യൻ ധനകാര്യ സ്ഥാപനത്തിന്റെ തലവൻ കിരിൽ ദിമിത്രേവ് വിശേഷിപ്പിച്ചത്.

'സ്പുട്നികിന്റെ ശബ്ദം കേട്ടപ്പോൾ അമേരിക്കക്കാർക്ക് അതിശയമായിരുന്നു. അതുതന്നെയാണ് വാക്സിന്റെ കാര്യത്തിലും സംഭവിക്കുന്നത്. റഷ്യയായിരിക്കും ഇക്കാര്യത്തിലും ആദ്യം.'- അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണം ആഗസ്റ്റ് ആദ്യം

ആഗസ്റ്റ് മൂന്നിന് ശേഷമായിരിക്കും റഷ്യൻ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയെന്നാണ് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ രാജ്യത്ത് കൊവിഡ് ഭീഷണിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനായി 800ഓളം പേരെ ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
പ്രായമായവർക്കും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമാണ് തുടക്കത്തിൽ വാക്സിൻ ലഭ്യമാക്കുക.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഓക്സ്‌ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനാണ് ഗവേഷണത്തിൽ മുന്നിൽ. യു.എസ് കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലാണ്.

കൊവിഡ് മീറ്റർ

ലോകത്താകെ രോഗികൾ

1,70,23,006

മരണം

6,65,191

രോഗമുക്തർ 10,486,085  രാജ്യങ്ങൾ, രോഗികൾ, മരണം അമേരിക്ക- 44,98,475 - 1,52,343 ബ്രസീൽ - 24,84,649 - 88,634 ഇന്ത്യ - 15,35,516 - 34,252 റഷ്യ- 8,28,990 - 13,673 സൗത്ത് ആഫ്രിക്ക- 4,59,761 - 7,257 മെക്സിക്കോ- 4,02,697 - 44,876