കോട്ടയം: കാടുകയറുന്ന ചന്ദന മോഷ്ടാക്കളെ കൈയോടെ പിടിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. അനധികൃതമായി ആരെങ്കിലും കാടിനുളളിൽ കയറിയാൽ ഉടൻ ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, ഫോറസ്റ്റർ, ഗാർഡ് എന്നിവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശമെത്തും. മോഷ്ടാവ് പ്രവേശിച്ച പ്രദേശവും വ്യക്തമാവും. ഇതോടെ ചന്ദനക്കള്ളന്മാർ മഴുവെറിയും മുമ്പേ സ്ഥലത്തെത്തി ചന്ദനം മുറിക്കുന്നത് തടയാനും കൈയോടെ പിടികൂടാനും സാധിക്കും.പരീക്ഷണാടിസ്ഥാനത്തിൽ മറയൂർ മേഖലയിലാണ് ഈ സംവിധാനം ആദ്യം നടപ്പിലാക്കുക. ഹൈ അലർട്ട് സംവിധാനം നടപ്പാവുന്നതോടെ കാട്ടുകള്ളന്മാരെ ചന്ദനക്കാടുകളിൽ നിന്നും പൂർണമായും തുരത്താൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
'ലൈവ് പ്രൊട്ടക്ഷൻ' സംവിധാനം എസ്.എം.എസിലൂടെയാണ് നടപ്പിലാക്കുക. ചന്ദനക്കാടുകളിൽ ആദ്യം സെൻസറുകൾ സ്ഥാപിക്കും. വിവിധ ഭാഗങ്ങളിൽ കാമറകളും. മറയൂർ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽ കമ്പ്യൂട്ടർ സഹിതം കൺട്രോൾ റൂം സജ്ജമാക്കും. ഇതോടെ കാട്ടിനുള്ളിൽ അനക്കംതട്ടിയാൽ കമ്പ്യൂട്ടറിലൂടെ മെസേജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്കെത്തും.അടുത്ത മാർച്ചോടെ പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെന്ന് മറയൂർ ചന്ദന ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത് വ്യക്തമാക്കി.
യു.എൻ.ഡി.പിയുടെ (യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം) സഹായത്തോടെയാണ് സംവിധാനം ഏർപ്പെടുത്തുക. ഇതിന് ഏഴു ലക്ഷം രൂപ ചെലവാകും. തുടർന്ന് മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് നീക്കം.
നേരെ ആന്ധ്രയിലേക്ക്
മറയൂർ മേഖലയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ ചന്ദനമാണ് പ്രതിവർഷം കൊള്ളയടിക്കപ്പെടുന്നത്. ആന്ധ്രയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്കാണ് പ്രധാനമായും ഈ ചന്ദനത്തടികൾ എത്തുന്നത്.
അവിടെ പൗഡറാക്കുന്ന ചന്ദനം ദുബായിലേക്കാണ് കടത്തുന്നത്. കഴിഞ്ഞവർഷം മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശി ഷൊഹൈബിനെ (കുഞ്ഞാപ്പു-36) വനംവകുപ്പ് പിടികൂടിയപ്പോഴാണ് ആന്ധ്രയിലെ ചന്ദന ഫാക്ടറിയെക്കുറിച്ചും കേരളത്തിൽ നിന്നുംകടത്തുന്ന ചന്ദനത്തെക്കുറിച്ചും വിവരം ലഭിച്ചത്.
ഇതോടെ മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു, മറയൂർ സാന്റൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ.നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ സായുധസംഘം ആന്ധ്രാപ്രദേശ്- തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ബൊമ്മ സമുദ്രത്തിലുള്ള ഫാക്ടറിയിൽ പരിശോധന നടത്തി 300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദന ചീളുകളും 20 കിലോ ചന്ദനമുട്ടികളും പിടിച്ചെടുത്തിരുന്നു. ഇത് മറയൂർ കാടുകളിൽ നിന്നും വെട്ടി കടത്തിയതാണെന്നും കണ്ടെത്തിയിരുന്നു. ഒരു കോടിയിലധികം രൂപയുടെ ചന്ദനമാണ് അന്ന് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഫാക്ടറിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.