ജനീവ: ഇൻഫ്ളുവൻസ പോലെ പ്രത്യേക കാലാവസ്ഥയിൽ മാത്രം വരുന്ന രോഗമല്ല കൊവിഡ് എന്ന് ലോകാരോഗ്യ സംഘടന. ജനീവയിൽ ഒരു വെർച്വൽ മീറ്റിംഗിൽ വച്ച് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാർഗരറ്റ് ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. 'നാം മഹാമാരിയുടെ ആദ്യഘട്ടത്തിലാണ്. ഇത് ഒരു വലിയ തരംഗമായി മാറാൻ പോവുകയാണ്. അത് ചിലപ്പോൾ മുകളിലേക്കോ, താഴേക്കോ പോയേക്കാം. രോഗവ്യാപനം കുറയ്ക്കുക എന്നുള്ളതാണ് മികച്ച കാര്യം. കൊവിഡിനെ അടിച്ചമർത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
അമരിക്കയിൽ വേനൽക്കാലത്തും കേസുകളുടെ എണ്ണം കൂടിയത് മാർഗരറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
നാം മനസിലാക്കേണ്ട ഒരു കാര്യം ഇത് ഒരു പുതിയ വൈറസാണ്. വളരെ വ്യത്യസ്തമായാണ് ഇത് പെരുമാറുന്നത് എന്നുള്ളതാണ്. വേനൽക്കാലം നമുക്ക് ഒരു പ്രശ്നമാണ്. എന്നാൽ വൈറസ് എല്ലാ കാലാവസ്ഥകളും ഇഷ്ടപ്പെടുന്നതാണെന്നും മാർഗരറ്റ് വ്യക്തമാക്കി. ആളുകൾ കൂട്ടംകൂടുന്നതുമൂലം വൈറസ് വ്യാപനമുണ്ടാകുന്നത് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശൈത്യകാലത്ത് ദക്ഷിണാർദ്ധഗോളത്തിൽ സാധാരണ ഇൻഫ്ളുവൻസ രോഗങ്ങൾപോലെ ഇത് വ്യാപിച്ചേക്കാമെന്ന ആശങ്കയും അവർ പങ്കുവച്ചു. സംഘടന ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.