broad

മാഞ്ചസ്റ്റർ : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരപരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ചിട്ടും മാൻ ഒഫ് ദ സിരീസായ പേസർ സ്റ്റുവർട്ട് ബ്രോഡിന് ഐ.സി.സി ബൗളർമാരുടെ റാങ്കിംഗിലും സ്ഥാനക്കയറ്റം. പരമ്പരയിൽ നിന്ന് 16 വിക്കറ്റുകൾ നേടിയെടുത്ത ബ്രോഡ് പത്താം റാങ്കിൽ നിന്ന് ഏഴ്പടവുകൾ ചാടിക്കയറി മൂന്നാമതേക്ക് ഉയർന്നു.

ഐ.സി.സി റാങ്കിംഗിൽ മുൻ ഒന്നാം റാങ്കുകാരനായ ബ്രോഡ് 2016 ആഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന റാങ്കിലെത്തുന്നത്. ബാറ്റ്സ്മാന്മാരുടെ പട്ടികയിലും ഏഴ് പടവുകൾ കയറിയ ബ്രോഡ് ആൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്ന് പടവുകൾ കയറി 11-ാമതെത്തി.

ഇംഗ്ലണ്ട് 113 റൺസിന് ജയിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റിൽ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 269 റൺസ് ജയവും പരമ്പരയുമാണ്. ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു. മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സിൽ 369 റൺസെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിംഗിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്.

ഒന്നാം ഇന്നിംഗ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. കരിയറിൽ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.

പരമ്പരയിൽ ആകെ 16 വിക്കറ്റുകൾ വീഴ്ത്തിയ ബ്രോഡാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. പരമ്പരയിലെ വെറും രണ്ടു ടെസ്റ്റുകളിൽ നിന്നാണ് താരം 16 വിക്കറ്റുകൾ വീഴ്ത്തിയത്.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബ്രോഡ് ഒന്നാമതെത്തി. 11 ടെസ്റ്റുകളിൽ നിന്ന് 53 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്.

10 ടെസ്റ്റിൽ നിന്ന് 49 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെയാണ് ബ്രോഡ് പിന്നിലാക്കിയത്.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിൻഡീസ് ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ പുറത്താക്കിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് താണ്ടിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്.

2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റായിരുന്നു .

ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്, നാലാമത്തെ ഫാസ്റ്റ് ബൗളറും.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തിയവരിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ നിന്ന് ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്.

മുത്തയ്യ മുരളീധരൻ (87 ടെസ്റ്റ്), അനിൽ കുംബ്ലെ (105), ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110), കോർട്ട്നി വാൽഷ് (129), ജെയിംസ് ആൻഡേഴ്സൻ (129) എന്നിവരാണ് വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയവർ.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.

ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലാൻഡിന്റെ നീൽ വാഗ്നർ രണ്ടാം സ്ഥാനത്തും.ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ എട്ടാമതേക്ക് താഴ്ന്നു.

ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് ഒന്നാമതും വിരാട് കൊഹ്‌ലി രണ്ടാമതുമാണ്. ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ എന്നിവർ യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്.

ആൾറൗണ്ടർ മാരുടെ റാങ്കിംഗിൽ ബെൻ സ്റ്റോക്സ് ഒന്നാമതും ജാസൺ ഹോൾഡർ രണ്ടാമതുമാണ്. ജഡേജ, അശ്വിൻ എന്നിവർ യഥാക്രമം മൂന്ന്,അഞ്ച് സ്ഥാനങ്ങളിലുണ്ട്.