തിരുവനന്തപുരം: ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജീവനക്കാരന്റെ മാറാലയടി വലിയ ഒച്ചപ്പാട് സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പിൽപ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരൻ ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിച്ചത്.
മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്‌മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇദ്ദേഹം ആചാരലംഘനം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലടക്കം വിശ്വാസികൾ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ദേവസ്വം കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രകാശ് 2003 മുതൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാരായ്‌മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.