ലണ്ടൻ: തനിക്ക് ഇപ്പോൾ പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ കഴിയില്ലെന്ന് ലാഹോർ ഹൈക്കോടതിയെ അറിയിച്ച് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലണ്ടനിൽ ചികിത്സയിലുള്ള നവാസിനോട് കൊവിഡ് വ്യാപനം കാരണം യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തനിക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ കൂടുതൽ സമയം വേണമെന്ന് 70കാരനായ നവാസ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാഫ്റ്റ് കേസിൽ പ്രതിയായ നവാസ് ഷെരീഫിനോട് ആഗസ്റ്റ് 17നു മുൻപ് കോടതിയിൽ ഹാജരാകാൻ ലാഹോർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രോഗപ്രതിരോധ തകരാറിനാണ് ഇക്കഴിഞ്ഞ നവംബർ അവസാനം നവാസ് ഷെരീഫ് ചികിത്സയ്ക്കായി ലണ്ടനിലെത്തിയത്. നാലാഴ്ചയാണ് ചികിത്സയ്ക്കായി കോടതി നവാസിന് അനുമതി നൽകിയത്. അതിനിടെയാണ് കൊവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെ വന്നത്. പ്ളേറ്റ്‌ലറ്റ് കൗണ്ടുകളുടെ കുറവ്, പ്രമേഹം, ഹൃദയം- വൃക്ക തകരാറുകൾ, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ നവാസിനുണ്ടെന്നാണ് വിശദീകരണത്തിലുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോൾ ഒരു യാത്ര അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.