കണ്ണൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പതിയെ മാറിവരുന്നുണ്ടെങ്കിലും ബി.എസ്.എൻ.എൽ കരാർ ജീവനക്കാർ ഇപ്പോഴും 'കുരുക്കിൽ' തന്നെ. ഏഴ് മാസമായി പണിയും കൂലിയുമില്ലാതെ നൂറുകണക്കിന് വരുന്ന തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. തൊഴിലില്ലെന്ന് മാത്രമല്ല, നേരത്തെ പണിയെടുത്ത വകയിൽ ലഭിക്കാനുള്ള ഏഴു മാസത്തെ കുടിശികയും ഇതുവരെ ലഭിച്ചിട്ടില്ല.
ബി.എസ്.എൻ.എൽ കണ്ണൂർ എസ്.എസ്.എസ്.എയുടെ കീഴിൽ ജോലിചെയ്യുന്ന 400 ഓളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിയുന്നത്. മാഹി മുതൽ മഞ്ചേശ്വരംവരെ വരുന്ന പ്രദേശമാണ് കണ്ണൂർ എസ്.എസ്.എസ്.എയുടെ പരിധിയിൽ ഉള്ളത്. മാർച്ച് 23ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇവർക്ക് ഇന്നേവരെ തൊഴിൽ ലഭിച്ചിട്ടില്ല. കിട്ടാനുള്ള കുടിശിക തുകയുടെ കാര്യത്തിലും ഒരനക്കവുമില്ല. അതെങ്കിലും കിട്ടിയിരുന്നെങ്കിൽ അത്യാവശ്യത്തിനുള്ള മരുന്നും വീട്ടു ചെലവും നിറവേറ്റാമായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. തൊഴിലാളി സംഘടന പ്രവർത്തിക്കുന്നുണ്ടെങ്കിലും അംഗബലം കുറവായതിനാൽ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും ഇവരുടെ വിഷയം ശ്രദ്ധിക്കുന്നില്ല.
1999ൽ ടെലികോം വകുപ്പാണ് സംസ്ഥാനത്ത് 7000 കരാർ തൊഴിലാളികളെ നിയമിച്ചത്. പിന്നീട് 2000ൽ ബി.എസ്.എൻ.എൽ ആയി മാറിയപ്പോൾ തൊഴിലാളികളെയും കമ്പനിക്ക് കൈമാറുകയായിരുന്നു. 2010ൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ 39 ദിവസം നീണ്ട സമരം നടത്തിയിരുന്നു. ഇതാണ് അധികാരികളുടെ കണ്ണിലെ കരടായി മാറാൻ ഇടയായത്. ഫ്രാഞ്ചൈസികളോട് കാട്ടുന്ന പരിഗണനപോലും കരാർ തൊഴിലാളികളോട് കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
2014ൽ പി.എഫ് പരിധിയിൽ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ അതിന്റെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. പല ഘട്ടങ്ങളിലായി പരിഷ്കരിച്ച നിയമം തൊഴിലാളികൾക്ക് വിനയായി മാറുകയും ചെയ്തു. കരാർ തൊഴിലാളികൾ ചെയ്യുന്ന ജോലിക്ക് ലൈൻമാൻ സാക്ഷിപത്രം നൽകണം എന്നാണ് വ്യവസ്ഥ. 30 വർഷത്തിലധികം സർവീസുള്ള ഇവരെ സ്ഥിരപ്പെടുത്തണമെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നെങ്കിലും, ബി.എസ്.എൻ.എൽ അതിനെതിരെ അപ്പീൽ നൽകി. തൊഴിലാളികളിൽ പലർക്കും ഇനി മറ്റൊരു അവസരം ലഭിക്കാത്തത്ര പ്രയപരിധി കഴിയുകയും ചെയ്തു.
സമീപനം തിരുത്തണം
കരാർ തൊഴിലാളികളെ അകാരണമായി പീഡിപ്പിക്കുന്ന മനാജ്മെന്റിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് ബി.എസ്.എൻ.എൽ വർക്കേഴ്സ് യൂണിയൻ മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. ഫ്രാഞ്ചൈസികൾക്ക് കുടിശിക തീർത്ത് നൽകിയപ്പോൾ, അതിന്റെ പകുതിപോലും തുകവേണ്ടാത്ത തൊഴിലാളികളുടെ 7 മാസത്തെ കുടിശിക അനുവദിക്കാത്തത് നീതീകരിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.