വാഷിംഗ്ടൺ: പ്രസിഡന്റ് ഷീ ജിൻപിങിന്റെ കീഴിൽ ചൈന കൂടുതൽ ആക്രമണ സ്വഭാവും ധാർഷ്ട്യവും കാട്ടുന്നുവെന്ന് ഇന്ത്യൻ വംശജയും യുഎന്നിലെ മുൻ അമേരിക്കൻ അംബാസഡറുമായ നിക്കി ഹാലെ. ചൈനയുടെ ഈ മനോഭാവത്തിന് അധികം ആയുസില്ലെന്നും ഹാലെ പറഞ്ഞു.
താൻ യുഎന്നിലുണ്ടായിരുന്ന കാലയളവിൽ ചൈന ശാന്തവും നയതന്ത്രപരവുമായിരുന്നു. എന്നാൽ പ്രസിഡന്റ് ഷീ സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ ചൈന കൂടുതൽ ആക്രമണസ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. മറ്റു രാജ്യങ്ങൾക്ക് നേരെ വിരൽ ചൂണ്ടി, നിങ്ങൾ ഞങ്ങളെ അനുകൂലിക്കണമെന്നു പറയാൻ ആരംഭിച്ചു. യുഎന്നിൽ പോലും പദവികൾക്കും നേതൃസ്ഥാനങ്ങൾക്കും വേണ്ടി മുറവിളി കൂട്ടുകയാണ്.
-നിക്കി ഹാലെ പറഞ്ഞു.
ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങൾക്കു സഹിക്കുന്നില്ല. അതോടെ അവർ ശബ്ദത്തിന്റെ കടുപ്പം കൂട്ടുകയാണ്. എന്നാൽ ഇത് അധികനാൾ നീളില്ല. ഏതൊരു രാജ്യമാണോ പൗരന്മാർക്ക് സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരും. ഹോങ്കോംഗ് തായ്‌വാൻ, ദക്ഷിണ ചൈനാകടൽ, ഇന്ത്യ എന്നിവിടങ്ങളിൽ സമ്മർദം തുടരുകയാണ് ചൈന.-ഹാലെ പറഞ്ഞു.
ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ അവർ പിന്തുണച്ചു. കോൺസുലേറ്റുകൾ വർഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും ഹാലെ പറഞ്ഞു