കാൻബെറ : ഓസ്ട്രേലിയൻ ശാസ്ത്രജ്ഞരും മാർവെൽ കോമിക്സിന്റെ കട്ട ഫാനാണ്. ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ സി.എസ്.ഐ.ആർ.ഒയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ വർഷം കണ്ടെത്തിയ 165 പുതിയ സ്പീഷിസ് ജീവികൾക്കും ശാസ്ത്രനാമം നൽകിയിരിക്കുകയാണ്. ഇതിൽ അഞ്ച് ഷഡ്പദങ്ങൾക്ക് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർ ഹീറോകളുടെയും സൂപ്പർ വില്ലൻമാരുടെയും പേര് വച്ചാണ് ശാസ്ത്രനാമം നൽകിയിരിക്കുന്നത്.
കൂട്ടത്തിലെ ഏറ്റവും ' ശക്തൻ ' തോർ ഫ്ലൈ ആണ്. മാർവെൽ സിനിമകളിൽ ഇടിമിന്നലിന്റെ ദേവനായ തോറിന്റെ വേഷം അവതരിപ്പിച്ചത് ക്രിസ് ഹേംസ്‌വർത്താണ്. ' ഡപ്റ്റോലെസ്റ്റെസ് ബ്രോൺടെഫ്ലവസ് ' ( Daptolestes bronteflavus ) എന്നാണ് തോർ ഫ്ലൈയുടെ ശാസ്ത്രീയ നാമം. സ്വർണ നിറത്തിലെ ഇടിമിന്നൽ എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചിരിക്കുന്നത്. തോറിന്റെ സ്വർണത്തലമുടിയേയും വസ്ത്രങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് തോർ ഫ്ലൈയുടെ രൂപം.
തോറിന്റെ സഹോദരനായ ലോക്കി ദേവന്റെ പേരിലുള്ള ലോക്കി ഫ്ലൈയും ഉണ്ട് കേട്ടോ. തോറിന്റെ സ്വഭാവത്തിന്റെ നേർവിപരീതമുള്ള ശല്യക്കാരനായ ലോക്കിയുടെ വേഷം ടോം ഹിഡിൽസ്റ്റൺ ആണ് അവതരിപ്പിച്ചത്. ' ഡപ്റ്റോലെസ്റ്റെസ് ഇല്യൂഷ്യോലോറ്റസ്' ( Daptolestes illusiolautus ) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ലോക്കിയുടെ സ്വഭാവമായ വഞ്ചനയിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം.
മാർവെൽ സൂപ്പർ ഹീറോകളുടെ കൂട്ടത്തിലെ പെൺപുലിയാണ് ബ്ലാക്ക് വിഡോ അഥവാ നടാഷ റോമനോഫ്. ' ഡപ്റ്റോലെസ്റ്റെസ് ഫെമിനേറ്റെഗസ് ' ( Daptolestes feminategus ) എന്നാണ് ബ്ലാക്ക് വിഡോ ഫ്ലൈയ്ക്ക് നൽകിയ ശാസ്ത്രനാമം. ചിത്രത്തിൽ ബ്ലാക്ക് വിഡോയുടെ വേഷം അവതരിപ്പിക്കുന്ന നടി സ്കാർലറ്റ് ജൊഹാൻസണിന്റെ ലെതർ വസ്ത്രങ്ങൾ ഓർമയില്ലേ. ലെതർ വസ്ത്രം ധരിച്ച സ്ത്രീ എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ബ്ലാക്ക് വിഡോ ഫ്ലൈയുടെ ശാസ്ത്രനാമം ഉത്ഭവിച്ചിരിക്കുന്നത്.
ഡെഡ്പൂളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഡെഡ്പൂളിന്റെ ഓറഞ്ച് - ചുവപ്പ്, കറുപ്പ് നിറത്തിലെ വസ്ത്രങ്ങളെ സ്മരിപ്പിക്കുന്ന ഡെഡ്പൂൾ ഫ്ലൈയുടെ മുഖത്ത് ഡെഡ്പൂളിന്റെ മാസ്ക് പോലുള്ള പാടുമുണ്ട്. ' ഹ്യൂമറോലിതാലിസ് സെർജിയസ് ' ( Humorolethalis sergius ) എന്നാണ് ഇവയുടെ ശാസ്ത്രനാമം. നനഞ്ഞത്, മരിച്ചത് തുടങ്ങിയ ലാറ്റിൻ പദങ്ങളിൽ നിന്നാണ് ഈ പേര് ഉണ്ടായിരിക്കുന്നത്. ഡെഡ്പൂളിനെ പോലെ തന്നെ ആന്റീഹീറോ സ്വഭാവമുള്ള ഇക്കൂട്ടർ ഷഡ്പദലോകത്തെ ആക്രമകാരികളാണ്.
മാർവെൽ കോമിക്സിന്റെ സാരഥിയായിരുന്ന സ്റ്റാൻ ലീയുടെ പേരിലും ഷഡ്പദമുണ്ട്. സ്പൈഡർമാൻ ഉൾപ്പെടയുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ സൃഷ്‌ടാവായ സ്റ്റാൻ ലീ 2018ലാണ് അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരമായി പേരിട്ടിരിക്കുന്ന ഷഡ്പദത്തിന്റെ ശാസ്ത്രനാമം ' ഡപ്റ്റോലെസ്റ്റെസ് ലീ ' ( Daptolestes leei ) എന്നാണ്. വെളുത്ത മീശയും സൺഗ്ലാസോടും കൂടിയ ലീയുടെ മുഖത്തെ സ്മരിപ്പിക്കുന്നതാണ് ഈ ഷഡ്പദം.