തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ കൂടുതൽ ജീവനക്കാരുൾപ്പെടെ തലസ്ഥാനത്ത് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് ഡോക്ടർമാരും ഉൾപ്പെടും. പുലയനാർകോട്ട, പേരൂർക്കട ആശുപത്രികളിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവനിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കിൻഫ്രപാർക്കിലെ എൺപതോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ 227പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 205 പേർക്കും സമ്പർക്കം വഴിയാണ് പകർന്നത്. ഒരു കൊവിഡ് മരണവും തലസ്ഥാനത്ത് റിപ്പോർട്ടു ചെയ്തു.പൂവാർ ഫയർ സ്റ്റേഷനിലെ ഒൻപതുപേർക്കും രോഗം സ്ഥിരീകരിച്ചു. പുലയനാർകോട്ടയിൽ രോഗികൾ ഉൾപ്പെടെ നാലുപേർക്കും ഇന്നലെ പോസിറ്റീവായി. കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർക്കും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ കഴിഞ്ഞദിവസം വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.
മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കിളിമാനൂർ സി.ഐയും എസ്.ഐയും ക്വാറന്റെെനിൽ പോകണമെന്ന് റൂറൽ എസ്.പി നിർദ്ദേശം നൽകി. പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സർജറി വാർഡിലെ രണ്ട് രോഗികൾക്കും നാല് കൂട്ടിരിപ്പുകാർക്കുമാണ് കൊവിഡ്.