റിയാദ്: ചരിത്രത്തിലാദ്യമായി അപൂർവ്വതകൾ നിറഞ്ഞ ഹജ്ജിന് ഇന്നലെ തുടക്കമായി. വർഷംതോറും 25 ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തിരുന്ന ഹജ്ജിൽ ഇക്കുറി ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്. 160 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇന്നലെ മിനായിലേക്ക് പോയി. ഇവർ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. 30 ഓളം ഇന്ത്യക്കാരും സംഘത്തിൽ ഉൾപ്പെടുന്നു.
ജൂൺ 23നാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിബന്ധനകളോടെ ഹജ്ജിന് അനുമതി നൽകിയത്. സൗദിയിൽ താമസിക്കുന്നവർക്ക് മാത്രമേ ഇക്കുറി ഹജ്ജിൽ പങ്കെടുക്കാനാവൂ എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്. നിലവിൽ സൗദിയിലുള്ള വിദേശികൾക്കും ഹജ്ജ് നടത്താനാവും.
സുരക്ഷയുടെ ഭാഗമായി ഹജ്ജിനെത്തുന്നവർക്ക് മക്കയിലെ സംസം കിണറിൽ നിന്നുള്ള വിശുദ്ധ ജലം ബോട്ടിലുകളിലാക്കി നൽകും. ഒപ്പം ജംറയിൽ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകൾ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് തരും. പ്രാർത്ഥനാ ചരടുകൾ ഓരോരുത്തരും കൊണ്ടു വരണം.
രാജ്യത്തെ എണ്ണ ഇതര മേഖലയിൽ നിന്നുള്ള 20 ശതമാനം ജി.ഡി.പിയും ആകെ ജി.ഡി.പിയുടെ ഏഴ് ശതമാനവും മക്ക തീർത്ഥാടനം വഴിയാണ് ലഭിക്കുന്നത് . ഹജ്ജ്, ഉംറ തീർത്ഥാടന യാത്ര കൊവിഡ് കാരണം വിലക്കുന്നത് സൗദി വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് രണ്ടിന് ഹജ്ജ് സമാപിക്കും.