ഓക്‌സിജനാണ് ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം. എന്നാൽ, ജീവൻ നിലനിർത്താനാവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കാൻ ഓക്‌സിജൻ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
സാൽമൺ മത്സ്യങ്ങളുടെ പേശികൾക്കുള്ളിൽ കഴിയുന്ന ഹെന്നെബുയ സാൽമിനിക്കോള എന്ന ചെറുപരാഗജീവിക്ക് ഓക്‌സിജനില്ലാതെയും ജീവിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പി.എൻ.എ.എസ് എന്ന ശാസ്‌ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തിന് താഴെ മാത്രം കോശങ്ങളുള്ള ഈ ജീവിയെക്കുറിച്ച് പരാമർശിക്കുന്നത്.
ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി, പരിണാമത്തിനിടയിൽ ഓക്‌സിജൻ ശ്വസിക്കുന്നത് ഉപേക്ഷിച്ചിരിക്കുന്നതായി കണ്ടെത്തൽ നടത്തിയ ടെൽ അവീവ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നു.
വർഷങ്ങൾ നീണ്ട പരിണാമത്തിനിടയിൽ ഓക്‌സിജനില്ലാത്ത അന്തരീക്ഷങ്ങളിൽ ജീവിച്ച് ശ്വസിക്കാനുള്ള കഴിവുനഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെയുൾപ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്‌സിജൻ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.
ഓക്‌സിജൻ ഉപയോഗിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോൺഡ്രിയകൾ ഈ ജീവികളിലില്ല എന്നതാണ് ഈ നിഗമനത്തിലേക്ക് അവരെ നയിച്ചത്. എന്നാൽ, എങ്ങനെയാണ് ഈ ജീവികൾ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് എന്നു വിശദീകരിക്കാൻ ശാസ്ത്രജ്ഞർക്കായിട്ടില്ല.
പരിണാമപ്രക്രിയയിലൂടെ ഏകകോശജീവികൾ കൂടുതൽ സങ്കീർണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാൽ, ഈ ജീവി ഓക്‌സിജനില്ലാത്ത പരിസ്ഥിതിയിൽ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച്, സാവധാനം കൂടുതൽ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.