ബീജിംഗ്: അമേരിക്ക-ചൈന സംഘർഷം മൂർച്ഛിക്കുന്നതിനിടയിൽ ചൈനയ്ക്ക് മുകളിലൂടെ വട്ടമിട്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ. ചൈനയിലെ ഷാംഗ്ഹായിക്കു തൊട്ടടുത്ത് വരെ യുദ്ധവിമാനങ്ങൾ പറന്നെന്നാണ് വിവരം. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ചൈനീസ് മേഖലയ്ക്ക് ഇത്രയടുത്തേക്ക് യു.എസ് യുദ്ധവിമാനങ്ങൾ എത്തുന്നത് ആദ്യമായാണ്. ഒരു യു.എസ് പോർവിമാനം ഷാംഗ്ഹായിക്ക് 76.5 കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്. മറ്റൊരു വിമാനം ഫുജിയാൻ തീരത്തുനിന്ന് 106 കിലോമീറ്റർ അടുത്തെത്തിയിരുന്നു. അമേരിക്കയുടെ പി-8എ അന്തർവാഹിനിവേധ പോർവിമാനവും ഇപി-3ഇ നിരീക്ഷണ വിമാനവും തയ്‌വാൻ കടലിടുക്കിലൂടെ കടന്ന് ഷെജിയാംഗ്, ഫുജിയാൻ തീരത്തിനു സമീപത്തുകൂടി ഞായറാഴ്ച പറന്നുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 12 ദിവസം തുടർച്ചയായി യു.എസ് പോർവിമാനങ്ങൾ ചൈനീസ് മേഖലയ്ക്കു സമീപത്തു കൂടി പറക്കുന്നുണ്ടെന്നു പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാരവൃത്തി ആരോപിച്ച് അമേരിക്ക ഹൂസ്റ്റണിലെയും ടെക്സസിലെയും ചൈനീസ് കോൺസുലേറ്റുകൾ അടയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെ ചെംഗ്‌ദുവിലെ യു.എസ് കോൺസുലേറ്റ് അടയ്ക്കാൻ ചൈനയും നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് ആകാശംവഴിയുള്ള പുതിയ നീക്കങ്ങൾ.