duck-tiger

വലിപ്പവും കാട്ടിലെ കൊമ്പനാണെന്ന വിചാരവും കൊണ്ടെന്നും ഒരു കാര്യവുമില്ല. ബുദ്ധിവേണം ബുദ്ധി എന്ന് പറയാതെ പറയുന്ന ഒരു വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ക്രൗര്യവും സൗന്ദര്യവും ഒപ്പത്തിനൊപ്പം നിൽക്കുന്ന കടുവയും താറാവും ചേർന്നുള്ള വെള്ളത്തിലെ ഒളിച്ചുകളിയാണ് വീഡിയോയുടെ ഉള്ളടക്കം.

തന്നെക്കാൾ ഇരട്ടിയിലധികം വലിപ്പമുള്ള കടുവയെ മണ്ടനാക്കുന്ന താറാവാണ് വിഡിയോയിലെ നായകൻ. ഇരയെ കിട്ടാതെ നിരാശനാകുന്ന വേട്ടക്കാരൻ കടുവയുടെ മുഖം കാണികളിൽ ചിരിയാണുർത്തുക. താറാവിനെ ലക്ഷ്യമാക്കി തടാകത്തിലിറങ്ങുന്ന കടുവയുടെ ദൃശ്യങ്ങളിലൂടെയാണ് വിഡിയോ പുരോഗമിക്കുന്നത്. എന്നാൽ കയ്യെത്തും ദൂരത്ത് താനുണ്ട് എന്ന് കൊതിപ്പിക്കുന്ന താറാവ് തടാകത്തിൻെറ ഒത്തനടുക്കെത്തുമ്പോൾ കടുവയെ വിഡ്ഢിയാക്കി വെള്ളത്തിനടിയിലേക്ക് മുങ്ങുന്നു.

താറാവ് പെട്ടന്ന് എങ്ങോട്ടാണ് അപ്രത്യക്ഷനായത് എന്ന ചിന്തയോടെ ഇളിഭ്യനായി നിൽക്കുന്ന കടുവ. കടുവയ്ക്ക് പിന്നിലൂടെ നീന്തി പായുന്ന താറാവിനെ കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. കടുവയുടെ ഭക്ഷണമായി മാറുന്നത് തീർത്തും തന്ത്രപൂർവ്വം ഒഴിവാക്കിയാണ് താറാവിന്റെ ഓട്ടം.

കടുവകൾ അതിശകയകരമായ വേട്ടയാടലിന് പേരുകേട്ടവരാണെങ്കിലും താറാവിന്റെ അടുത്ത് ഇത് നടക്കുന്നില്ല. വേഗത്തിൽ വെള്ളത്തിനടിയിലായി ഏതാനും അടി അകലെ ഉയർന്നുവന്ന താറാവ്, കടുവയെ വിജയകരമായി ട്രോളുകയാണ്. രണ്ട് വർഷം മുമ്പുള്ള സംഭവമാണെങ്കിലും 2020 ലെ ആഗോള കടുവ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വയറാലായിരിക്കുന്നത്. കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലായ് 29നാണ് ആഗോള കടുവ ദിനം ആചരിക്കപ്പെടുന്നത്.