ന്യൂഡല്‍ഹി: രാജ്യത്തിന് കാവലാകാൻ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ പറന്നിറങ്ങി. യുദ്ധവിമാനങ്ങളെ രാജ്യത്തേക്ക് 'സ്വാഗതം ' ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.സംസ്കൃതത്തിലായിരുന്നു ട്വീറ്റ്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങുന്ന വീഡിയോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്ത് വഴിയാണ് റാഫേലുകള്‍ ഇന്ത്യയിലേക്കു കടന്നത്.അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. സുഖോയ് 30 യുദ്ധവിമാനങ്ങള്‍ റാഫേലുകളെ അനുഗമിച്ചു. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചത്.
राष्ट्ररक्षासमं पुण्यं,
राष्ट्ररक्षासमं व्रतम्,
राष्ट्ररक्षासमं यज्ञो,
दृष्टो नैव च नैव च।।
नभः स्पृशं दीप्तम्...
स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO— Narendra Modi (@narendramodi) July 29, 2020
'രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ അനുഗ്രഹം മറ്റൊന്നില്ല, രാഷ്ട്രത്തെ സംരക്ഷിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണ്, രാഷ്ട്രത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും മികച്ച യജ്ഞം. ഇതിനപ്പുറം ഒന്നുമില്ല. മഹത്വത്തോടെ ആകാശത്തെ സ്പര്‍ശിക്കുക. സ്വാഗതം'. മോദി ട്വീറ്ററിൽ കുറിച്ചു.
മിസൈലുകള്‍ അടക്കം ഘടിപ്പിച്ച റാഫേലുകളുടെ സ്‌ക്വാഡ്രന്‍ ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ - ചൈന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കി.റാഫേല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്സ് എം.ആര്‍.ടി.ടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കൊപ്പം 10 ആരോഗ്യവിദഗ്ദ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.