പൂക്കൾക്കായി ഒരു ദ്വീപ്. ആ പൂന്തോപ്പിൽ ചിത്രശലഭങ്ങൾക്കായി ഒരു വീട്. രുചി വിതറുന്ന ഭക്ഷണശാലകൾ. പടർന്നുപന്തലിച്ചു നിൽക്കുന്ന തണൽ മരങ്ങൾ. വർണ്ണാഭമായ ഉടുപ്പുകൾ ധരിച്ച് ഒാടിക്കളിക്കുന്ന കുട്ടികൾ. ദ്വീപിന് ചുറ്റുമായി ഒഴുകി നടന്ന് സല്ലപിക്കുന്ന അരയന്നങ്ങളും താറാവുകളും. ഏതോ ഒരു എഴുത്തുകാരന്റെ സ്വപ്നത്തിലെ സ്വർഗത്തെക്കുറിച്ചുള്ള വിവരണമാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി, ഇതൊരു സ്വപ്നമേയല്ല!, സത്യമാണ്. പ്രകൃതിയും മനുഷ്യനും ചേർന്നെരുക്കിയ പൂക്കളുടെ ദ്വീപാണിത്. പേര് മൈനാവ്.
ജർമ്മനിയിലെ ബാദൻ സംസ്ഥാനത്തെ കോൺസ്റ്റൻസ് നഗരത്തോട് ചേർന്നുകിടക്കുന്ന 45 ഹെക്ടർ മാത്രം വിസ്തീർണ്ണമുള്ള ദ്വീപാണ് മൈനാവ്. താമസക്കാർ ഇരുന്നൂറിൽ താഴെ മാത്രം. സഞ്ചാരികൾക്ക് നടന്നുകണ്ട് ആസ്വദിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും നിരവധി സൗകര്യങ്ങൾ.
ആയിരത്തി ഇരുനൂറു ഇനങ്ങളിലായി മുപ്പതിനായിരത്തിലധികം റോസാച്ചെടികൾ ഇവിടെയുണ്ട്. ലോകത്തിലെ അപൂർവം റോസ് ഉദ്യാനങ്ങളിലൊന്നാണിത്. നാന്നൂറ് ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ ട്വിലിപ് പൂക്കളും, 250 ഇനങ്ങളിലായി ഇരുപതിനായിരത്തിലേറെ ഡാലിയ ചെടികളും ഉണ്ടെന്നതും ഈ ദ്വീപിന്റെ പ്രത്യേകതയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിച്ച മരങ്ങളും ചെടികളും മുൾച്ചെടികളും നിറഞ്ഞ ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണ് ബോഡൻ തടാകത്തിൽ 'ശ്രീലങ്ക പോലെ ' കിടക്കുന്ന ഈ ദ്വീപ്. ദ്വീപിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാര്യം ചിത്രശലഭങ്ങളുടെ വീടാണ്. ആയിരം ചതുരശ്ര മീറ്ററിൽ ചെറിയ മരങ്ങളും ചെടികളും കൃത്രിമ അരുവികളും സൃഷ്ടിച്ച്, അന്തരീക്ഷ ഊഷ്മാവ് 26 ഡിഗ്രി സെൽഷ്യസ് നിലനിർത്തി, ആയിരക്കണക്കിന് ചിത്രശലഭങ്ങളെ പരിരക്ഷിക്കുന്ന ഒരു 'ജർമ്മൻ കല'യായി ഇതിനെ വിശേഷിപ്പിക്കാം.
കോസ്റ്റാറിക്ക, ഹോളണ്ട്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ചിത്രശലഭങ്ങളെ ഇവിടെ എത്തിച്ചത്. ചിത്രശലഭങ്ങളുടെ വീടിനായി മാത്രം ഓരോ വർഷവും പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിക്കുന്നുണ്ട്. അരിഞ്ഞ ഓറഞ്ചും, നന്നായി പഴുത്ത വാഴപ്പഴവും, തേനും ചെറിയ പിഞ്ഞാണങ്ങളിൽ ശലഭങ്ങൾക്കായി എല്ലായിടത്തും വച്ചിരിക്കുന്നത് കാണാം. അതിൽ ശലഭങ്ങൾ കൂട്ടമായി വന്നിരുന്ന് ഭക്ഷണം നുകരുന്ന കാഴ്ചയും അപൂർവമാണ്.
അൽപ്പം ചരിത്രം
ബാദാനിലെ ഡ്യൂക്ക് ഫ്രഡറിക് ഒന്നാമൻ 1853 ൽ ഒരു സ്വകാര്യവ്യക്തിയിൽ നിന്ന് വേനൽക്കാല വസതിയാക്കാൻ വിലകൊടുത്ത് സ്വന്തമാക്കിയ ദ്വീപാണ് മൈനാവ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹത്തിന്റെ മകനായ ഫ്രഡറിക് രണ്ടാമൻ, മക്കളില്ലാത്തതിനാൽ ദ്വീപ് സഹോദരി വിക്ടോറിയയ്ക്ക് നൽകി. വിക്ടോറിയ സ്വീഡനിലെ രാജാവായ ഗുസ്താവിന്റെ പത്‌നിയായിരുന്നു. അവരുടെ മരണശേഷം രണ്ടാമത്തെ മകനായ പ്രിൻസ് വിൽഹൈമിനു കൊടുത്തു. 1932 ൽ വിൽഹൈം തന്റെ മകനായ ലെനാർട്ട് ബെർണാഡറ്റിനു ദ്വീപ് നൽകി. അദ്ദേഹമാണ് മൈനാവ് ദ്വീപ് കൂടുതൽ മനോഹരമാക്കിമാറ്റിയത്. 1974 ൽ ലെനാർട്ട് ബെർണാഡറ്റ് തന്റെ പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിക്കുകയും ദ്വീപിന്റെ മേൽനോട്ടം അവർക്ക് കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടുന്ന ഫൗണ്ടേഷനാണ് ഇപ്പോഴും പൂക്കളുടെ ദ്വീപ് മനോഹരമായി സംരക്ഷിച്ചു പോരുന്നത്.