
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 268.3 കോടി രൂപയുടെ സഞ്ചിതനഷ്‌ടം നേരിട്ടു. കൊവിഡും ലോക്ക്ഡൗണും മൂലം ഉത്‌പാദനവും വില്പനയും നിലച്ചതാണ് മാരുതിക്ക് തിരിച്ചടിയായത്. മുൻവർഷത്തെ സമാനപാദത്തിൽ 1,376.8 കോടി രൂപയുടെ ലാഭം മാരുതി നേടിയിരുന്നു.
17 വർഷത്തിനിടെ ആദ്യമായാണ് ഒരു പാദത്തിൽ മാരുതി നഷ്‌ടം കുറിക്കുന്നത്. വരുമാനം 19,273.2 കോടി രൂപയിൽ നിന്ന് 78.67 ശതമാനം ഇടിഞ്ഞ് 4,110.6 കോടി രൂപയായി. 2019 ഏപ്രിൽ-ജൂണിൽ 4.02 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ച മാരുതി സുസുക്കി, ഈവർഷം സമാനപാദത്തിൽ വിറ്റത് 81 ശതമാനം നഷ്‌ടത്തോടെ 76,599 വാഹനങ്ങളാണ്. ആഭ്യന്തര വില്പനയിൽ 82 ശതമാനവും കയറ്രുമതിയിൽ 66 ശതമാനവും നഷ്ടമുണ്ടായി.