ന്യൂഡൽഹി : ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികവുകാട്ടിയിട്ടും ദേശീയ കുപ്പായം അണിയാൻ അവസരം ലഭിക്കാതെ പോയ ഡൽഹി താരം രജത് ഭാട്യ 40-ാം വയസിൽ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.2003-04 സീസണിൽ തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ രജത് കരിയറിൽ കൂടുതൽ പങ്കും ഡൽഹിക്ക് വേണ്ടിയാണ് കളിച്ചത്.2018-19 സീസണിൽ രഞ്ജിയിലെ നവാഗതരായ ഉത്തരാഖണ്ഡിനെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.
മികച്ച ആൾറൗണ്ടർമാരിൽ ഒരാളായിരുന്ന രജത് 112 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 49.10 ശരാശരിയിൽ 6482 റൺസും 27.97 ശരാശരിയിൽ 137 വിക്കറ്റുകളും നേടിയിട്ടുണ്ട്. 119 ലിസ്റ്റ് എ മത്സരങ്ങളും 146 ട്വന്റി-20കളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബംഗ്ളാദേശിലാണ് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചത്. 2014 ലെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് വിളിച്ചിരുന്നെങ്കിലും ടീമിൽ ഉൾപ്പെടുത്തിയില്ല. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്,കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്,രാജസ്ഥാൻ റോയൽസ്,റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളുടെ കുപ്പായമണിഞ്ഞു.
ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ സങ്കടപ്പെടുന്നില്ല. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിഞ്ഞു. അതിന് അർഹിക്കുന്ന അംഗീകാരങ്ങളും ലഭിച്ചു. 2007-08 സീസണിൽ ഡൽഹി ടീമിനാെപ്പം രഞ്ജി ട്രോഫി നേടിയതും 2012ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനൊപ്പം ഐ.പി.എൽ നേടിയതും മൂന്ന് തവണ ഐ.പി.എല്ലിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ പുറത്താക്കാൻ കഴിഞ്ഞതും മനസിൽ നിന്ന് മായാത്ത ഒാർമ്മകളാണ്.
- രജത് ഭാട്യ