ന്യൂഡൽഹി: കൊവിഡ് 19 വൈറസ് പകരാനുള്ള നിരവധി കാരണങ്ങൾ ആരോഗ്യരംഗത്തുള്ളവർ ദിനംപ്രതി കണ്ടെത്തുകയും അതിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, പുകവലിക്കുന്നവരിൽ കൊവിഡ് പകരാനുള്ള സാദ്ധ്യത വലുതാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് പകരാനുള്ള മുഖ്യകാരണംതന്നെ കൈയും വായും തമ്മിലുള്ള സംസർഗമാണ്. പുകവലിക്കുമ്പോൾ, വൈറസ് വാഹകരായ വിരലുകളും വായും തമ്മിൽ അടിക്കടി സംസർഗത്തിൽ വരികയും എളുപ്പത്തിൽ വൈറസ് പകരാൻ കാരണമാകുകയും ചെയ്യും. "കൊവിഡിന് കാരണമാകുന്ന വൈറസ്, രോഗിയുടെ ശ്വാസകോശത്തെയാണ് ഏറ്റവം കൂടുതൽ ബാധിക്കുക. അതുകൊണ്ടുതന്നെ പുകവലിക്കാരിൽ രോഗലക്ഷണങ്ങൾ കടുത്തതാകാനും, മരണത്തിലേക്ക് നയിക്കാനും സാദ്ധ്യത കൂടുതലാണെന്ന് നേരത്തെതന്നെ വിദഗദ്ധർ കണ്ടെത്തിയിട്ടുള്ളതാണ്."- ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് മൂലമുള്ള മരണം രൂക്ഷമായ രാജ്യങ്ങളിലെ വസ്തുതകൾ ഇത് ശരിവയ്ക്കുന്നതാണ്.. അദ്ദേഹം വ്യക്തമാക്കി. പുകവലിക്ക് പുറമെ, വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എപ്പോഴും പൊതുസ്ഥലങ്ങളിൽ തുപ്പാൻ പ്രേരിപ്പിക്കുന്നവയാണെന്നും ഇതും കൊവിഡ് പോലുള്ള പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്നും മന്ത്രാലയം ഇറക്കിയ കുറിപ്പിൽ പറയുന്നു.