ന്യൂഡല്‍ഹി : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, രാജ്യത്തിന് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലാണ് കരുത്തരായ റാഫേല്‍ വിമാനങ്ങളെ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളില്‍ ആദ്യ ഘട്ടമായ അഞ്ചെണ്ണമാണ് ഇന്ന് ഇന്ത്യന്‍ മണ്ണിലിറങ്ങിയത്. 7000 കിലോമീറ്ററുകള്‍ താണ്ടി എത്തിയ റാഫേലിന് ഇന്ത്യയിലേക്ക് സ്വാഗതമേകാനുള്ള ഭാഗ്യം ലഭിച്ചത് ഐ എന്‍ എസ് കൊല്‍ക്കത്തയെന്ന നാവിക കപ്പലിനാണ്. ഐ എന്‍ എസ് കൊല്‍ക്കത്തയുമായി റേഡിയോ ബന്ധം സ്ഥാപിച്ചാണ് റാഫേല്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
ഇത് കണ്ടയുടനെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് സ്വാഗതമെന്ന സന്ദേശമാണ് ആദ്യമായി ഐഎന്‍എസ് കൊല്‍ക്കത്ത റാഫേല്‍ സംഘത്തിലെ മുന്‍നിര വിമാനത്തിലെ വൈമാനികന് അയച്ചത്. 'മഹത്വത്തോടെ ആകാശത്തെ സ്പര്‍ശിക്കട്ടെ, സന്തോഷകരമായ ലാന്‍ഡിംഗുകള്‍' എന്നും വിമാനത്തിലേക്ക് സന്ദേശമയച്ചു. ഈ സന്ദേശം സ്വീകരിച്ചയുടനെ 'വളരെയധികം നന്ദി, ഇന്ത്യന്‍ യുദ്ധക്കപ്പല്‍ കടലുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത് കൂടുതല്‍ ആശ്വാസകരമാണ്, സന്തോഷകരമായ വേട്ടകള്‍ നേരുന്നു' എന്ന സന്ദേശമാണ് തിരികെ കപ്പലിലേക്ക് കൈമാറിയത്. ചൈനയുമായുള്ള ബന്ധം സങ്കീര്‍ണ്ണമായ അവസരത്തില്‍ ഇന്ത്യന്‍ നേവിയുടെ കപ്പലുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് റാഫേലിന്റെ സന്ദേശം എന്നതും പ്രത്യേകതയാണ്.
ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിച്ച റാഫേല്‍ വിമാനങ്ങള്‍ക്ക് രണ്ട് സുഖോയ് യുദ്ധവിമാനങ്ങളും അകമ്പടി നല്‍കിയിരുന്നു. റാഫേല്‍ ജെറ്റുകള്‍ അംബാല എയര്‍ ബേസിലാണ് ഇറങ്ങിയത്. ഇവിടെ കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ പകരം ജോധ്പൂര്‍ എയര്‍ബേസിലിറങ്ങാനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.