covid-death

കാസർകോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കാസർകോട് ഇന്നലെ മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇന്നലെ മരിച്ച പടന്ന സ്വദേശി എൻ. ബി അബ്ദുൾ റൗഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസർകോട് കൊവിഡ് മരണം ഏഴായി.

കൊല്ലം കോയിവിളയിൽ ഇന്നലെ മരിച്ച രുഗ്‌മിണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്‌മിണി വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേർ മരിച്ചു.

കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സിറാജുദ്ദീൻ. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.