lng

കൊച്ചി: ഗെയിലിന്റെ കൊച്ചി-മംഗലാപുരം എൽ.എൻ.ജി പൈപ്പ്‌ലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ,​ എറണാകുളം പുതുവൈപ്പിലെ പെട്രോനെറ്ര് എൽ.എൻ.ജി പ്രതീക്ഷിക്കുന്നത് ടെർമിനൽ ഉപയോഗത്തിൽ ഇരട്ടിയിലേറെ വളർച്ച. കാസർകോട്ടെ ചന്ദ്രഗിരിപുഴയ്ക്ക് കുറുകേ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ മാത്രമാണ് ശേഷിക്കുന്നതെന്ന് ഗെയിൽ വ്യക്തമാക്കിയിരുന്നു. ഇതും ഉടൻ പൂർത്തിയാകും.

പൈപ്പ്‌ലൈൻ സജ്ജമാകുന്നതോടെ കൊച്ചിക്ക് പുറമേ വടക്കൻ ജില്ലകളിൽ കൂടി ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി)​ ലഭ്യമാകും. വ്യവസായ,​ വാഹന,​ ഗാർഹിക ആവശ്യങ്ങൾക്കുള്ള ചെലവുകുറഞ്ഞ ഇന്ധനമാണിത്. മാംഗ്ളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സും എൽ.എൻ.ജി വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മംഗലാപുരത്ത് പ്രകൃതിവാതകത്തിന് പ്രിയമേറെയായതിനാൽ ഒ.എൻ.ജി.സി ഉൾപ്പെടെ അവിടെ പ്രവർത്തിക്കുന്ന ഒട്ടേറെ എണ്ണക്കമ്പനികൾക്കും പൈപ്പ്‌ലൈൻ ഗുണം ചെയ്യും. ഇത്,​ പെട്രോനെറ്രിന് മികച്ച നേട്ടമാകും.

നിലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി,​ ഫാക്‌ട്,​ വാഹനമേഖല എന്നിവയാണ് പുതുവൈപ്പിലെ പെട്രോനെറ്ര് എൽ.എൻ.ജിയുടെ മുഖ്യ ഉപഭോക്താക്കൾ. 2013ൽ കമ്മിഷൻ ചെയ്‌ത പെട്രോനെറ്ര് എൽ.എൻ.ജി പദ്ധതിയുടെ സമ്പൂർണശേഷി 50 മില്യൺ മെട്രിക് ടണ്ണാണ്. എന്നാൽ,​ കഴിഞ്ഞവർഷമാണ് ടെർമിനലിന്റെ ഉപയോഗശേഷി 20 ശതമാനത്തിൽ എത്തിയത്. വില്പന 10 ലക്ഷം ടണ്ണെന്ന നാഴികക്കല്ലും കഴിഞ്ഞവർഷം പിന്നിട്ടു.

കൊച്ചി-മംഗളൂരു പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ടെർമിനൽ ഉപയോഗശേഷി 40-45 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പെട്രോനെറ്രിന്റെ പ്രതീക്ഷ. കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കും പൈപ്പ്‌ലൈൻ പദ്ധതി നീട്ടാൻ നീക്കമുണ്ട്. ഇതും യാഥാർത്ഥ്യമായാൽ കൂടുതൽ വ്യാവസായിക,​ വാഹന,​ ഗാർഹിക ഉപഭോക്താക്കളെ സ്വന്തമാക്കാൻ പെട്രോനെറ്ര് എൽ.എൻ.ജിക്ക് കഴിയും.

പെട്രോനെറ്ര് എൽ.എൻ.ജി

കൊച്ചി പുതുവൈപ്പിൽ 4,700 കോടി രൂപ നിക്ഷേപത്തോടെ നിർമ്മിച്ച പെട്രോനെറ്ര് എൽ.എൻ.ജി ടെർമിനൽ കമ്മിഷൻ ചെയ്യപ്പെട്ടത് 2013ലാണ്.

ഗെയിൽ പൈപ്പ്‌ലൈൻ

കൊച്ചി - കൂറ്റനാട് - മംഗലാപുരം പൈപ്പ്‌ലൈനിന്റെ നീളം 444 കിലോമീറ്റർ. കേരളത്തിൽ മാത്രം 409 കിലോമീറ്റർ. പൈപ്പ്‌ലൈനിന്റെ നിർമ്മാണച്ചെലവ് 4,​493 കോടി രൂപ.