മുംബയ്: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പാട്നയിൽ നിന്ന് മുംബയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗിന്റെ പരാതിയിൽ പാട്ന പൊലീസ് റിയയ്ക്കെതിരെ കേസെടുത്തിരുന്നു. റിയയും കുടുംബവും ഉൾപ്പെടെ ആറുപേർക്കെതിരെയാണ് പരാതി. മുംബയ് പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതുകൊണ്ടാണ് പാട്നയിലുള്ള സുശാന്തിന്റെ കുടുംബം അവിടുത്തെ പൊലീസിൽ പരാതി നൽകിയത്.
സുശാന്തിനെ റിയ സാമ്പത്തിക നേട്ടത്തിന് ഉപയോഗിച്ചു, സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുറോപ്യൻ യാത്രകൾ നടത്തി, അക്കൗണ്ടിൽ നിന്നും വൻ തുകകൾ പിൻവലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
കേസന്വേഷണത്തിന്റെ ഭാഗമായി പാട്ന പൊലീസിലെ നാലംഗ സംഘം മുംബയിൽ എത്തും. അതിനിടെ സംവിധായകൻ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്റെ സി.ഇ.ഒ അപൂർവയെ മൂന്ന് മണിക്കൂറോളം മുംബയ് പൊലീസ് ചോദ്യം ചെയ്തു. കരൺ ജോഹറിനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കും. കരൺ അടക്കമുള്ളവർ സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നെന്നാണ് ആരോപണം.