gun

ന്യൂഡല്‍ഹി : പട്ടാപ്പകല്‍ തോക്കുമായി കവര്‍ച്ചയ്ക്കിറങ്ങിയ യുവാവിന് തൊട്ടതെല്ലാം പിഴച്ചു, ഒടുവില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടിയിലുമായി. തെക്കന്‍ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലാണ് സംഭവം. മെഡിക്കല്‍ റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന ദമാന്‍ അറോറ എന്ന യുവാവാണ് പിടിയിലായത്.

ബൈക്കിലെത്തിയ യുവാവ് ആന്‍ഡ്രൂസ് ഗഞ്ച് ബസ് സ്റ്റോപ്പില്‍ നിന്നും ഡിഫന്‍സ് കോളനിയിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. ഓട്ടോയില്‍ യാത്ര ചെയ്യവേ അറോറ ഡ്രൈവറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും കൈയ്യിലുള്ള പണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ 85 രൂപ മാത്രമാണ് ഇയാള്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും തട്ടിയെടുക്കാനായുള്ളു. തുടര്‍ന്ന് തിരികെ ബസ്‌റ്റോപ്പിലേക്ക് കൊണ്ടുവിടാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

തിരികെ ബസ് സ്‌റ്റോപ്പിലെത്തുന്ന വഴി പൊലീസിനെ കണ്ടതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് ഒരു വേള ആത്മഹത്യാശ്രമവും നടത്തി. ഇതിനിടയില്‍ തന്ത്രപൂര്‍വം പൊലീസ് ഇയാളെ പിന്നില്‍ നിന്നും കീഴ്‌പ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവില്‍ നിന്നും പൊലീസ് തട്ടിയെടുത്ത 85 രൂപയും, നിറത്തോക്കും പിടിച്ചെടുത്തു. ജാമിയ നഗര്‍ നിവാസിയായ ഒരാളില്‍ നിന്നുമാണ് ഇയാള്‍ തോക്കുവാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.