road-roller

കോഴിക്കോട്: വെള്ളാനകളുടെ നാട് എന്ന പ്രീയദർശൻ സിനിമയിലൂടെ മലയാളിക്ക് സുപരിചിതമായ ആ പഴയ റോഡ്‌റോളർ കോഴിക്കോട്ട് വീണ്ടും ലേലത്തിനെത്തി. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തതിനാൽ ഇനി ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് വണ്ടി പൊതുമരാമത്ത് വകുപ്പ് ലേലത്തിന് വച്ചത്. മതിപ്പു വിലയെക്കാൾ കൂടുതൽ പണം നൽകി വാഹനം വാങ്ങാൻ എത്തിയത് പത്തിലേറെ പേരാണ്.

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ റോഡ് റോളർ വാങ്ങാനെത്തുന്ന അടുത്ത സി.പി ആരായിരിക്കുമെന്നായിരുന്നു നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും കൗതുകം. അവസാനം ആകാംക്ഷയ്ക്ക് വിരാമമിട്ട് സി.പി എത്തി. തിരുവണ്ണൂർ സ്വദേശി സാലിഹ് ആണ് റോഡ് റോളർ സ്വന്തമാക്കിയത്.

മതിപ്പ് വിലയേക്കാൾ ഇരുപതിനായിരം അധികം ചിലവാക്കിയാണ് സാലിഹ് ഈ റോഡ് റോളർ സ്വന്തമാക്കിയത്. വീണ്ടും ഉപയോഗിക്കാനാവുമോ എന്ന് ഉറപ്പില്ല. ഈ ചക്രങ്ങൾ ഇനി ഉരുണ്ടാലും ഇല്ലെങ്കിലും നടൻ ശ്രീനിവാസന്റെ രചനയിൽ പിറന്ന മൊയ്‌തീന്റെ റോഡ് റോളർ മലയാളിയുടെ മനസിൽ ഓടിക്കൊണ്ടേയിരിക്കും.

മൊയ്‌തീനെ ആ ചെറിയ സ്‌പാനറിങ്ങെടുക്ക്..., ഇപ്പ ശര്യാക്കി തരാം തുടങ്ങി സംഭാഷണങ്ങളൊന്നും തന്നെ മലയാളി ഒരിക്കലും മറക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗങ്ങളായ ഓർമ്മക്കൂട്ടുകളാണ്. ബ്രേക്കില്ലാതെ പാഞ്ഞ് വരുന്ന റോഡ് റോളർ കുടകുത്തി തടയാൻ നോക്കിയ കോൺട്രാക്റ്റർ സി.പിയെയും, പി.ഡബ്ല്യൂ.ഡി വിളിച്ച് അവാർഡ് കൊടുത്ത സുലൈമാനെയും, ആ റോഡ് റോളറിനേയും മലയാളി മറക്കില്ല. 33 വർഷത്തെ ഓട്ടത്തിനു ശേഷം റോഡ് റോളർ നാലു വർഷമായി കിതച്ച് കിടക്കുകയായിരുന്നു. അങ്ങനെയാണ് പി.ഡബ്ല്യൂ.ഡി ഇത് ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചത്.