മോസ്കോ : ലോകത്തെ ആദ്യ കൊവിഡ് വാക്സിന് വരുന്ന രണ്ടാഴ്ചക്കുള്ളിൽ റഷ്യ അംഗീകാരം നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെ പറ്റിയും ഫലപ്രാപ്തിയെ കുറിച്ചും ചോദ്യങ്ങൾ ബാക്കി നിൽക്കുമ്പോഴും ട്രയൽ പൂർത്തിയാകും മുമ്പ് തന്നെ മറ്റ് ലോകരാജ്യങ്ങളെ പിന്നിലാക്കി ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ പുറത്തിറക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നാണ് സൂചന.
ഓഗസ്റ്റ് പത്തിനോ അതിന് മുമ്പോ തന്നെ മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗമേലെയാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് വാക്സിൻ രോഗികൾക്ക് ലഭ്യമാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ അധികൃതർ ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കാകും വാക്സിൻ ആദ്യം ലഭ്യമാക്കുന്നത്.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവനായ കിറൈൽ ഡിമിട്രീവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് വാക്സിൻ ഗവേഷണത്തിനുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1957ൽ സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്. കൊവിഡ് വാക്സിനെയും അത്തരമൊരു ചരിത്രധൗത്യമായാണ് കാണുന്നതെന്ന് ഡിമിട്രീവ് പറഞ്ഞു. എന്നാൽ വാക്സിൻ ഗവേഷണങ്ങളെ സംബന്ധിച്ച ശാസ്ത്രീയമായ ഡേറ്റകളൊന്നും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതുകൊണ്ട് തന്നെ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ കൃത്യതയുമില്ല. ഇതിനെതിരെ ആരോഗ്യ വിദഗ്ദ്ധരിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്. അതേ സമയം, സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം കഴിഞ്ഞ ദിവസം തുടങ്ങി. അഞ്ച് വോളന്റിയർമാർക്കാണ് ആദ്യ ഡോസ് നൽകിയത്. ഇവർ സുരക്ഷിതരാണെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ആറ് കൊവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് വെക്ടറിൽ നടക്കുന്നത്. 100 ലേറെ കൊവിഡ് വാക്സിനുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ചൈനയിലെ മൂന്നെണ്ണവും ബ്രിട്ടനിലെ ഒരെണ്ണവും ഉൾപ്പെടെ നാല് എണ്ണം മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. അതേ സമയം, രണ്ടാഴ്ചയ്ക്കുള്ളിൽ അംഗീകാരം നൽകുമെന്ന് പറയുന്ന ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഇതേ വരെ രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. ഓഗസ്റ്റ് 3 ഓടെ രണ്ടാം ഘട്ടം പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കാനാണ് ഗവേഷകരുടെ ലക്ഷ്യം. ഓഗസ്റ്റ് ആദ്യവാരത്തോടെ വാക്സിന്റെ ശാസ്ത്രീയ വിവരങ്ങൾ പുറത്തുവിടുമെന്ന് റഷ്യൻ അധികൃതർ പറയുന്നു.