kids

സൂററ്റ്: ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹം കണ്ടെത്തി രണ്ടു മിടുക്കികൾ. ഗുജറാത്ത് സൂററ്റിലെ പത്താം ക്ളാസ് വിദ്യാർത്ഥിനികളായ രാധിക ലെഖാനിയും വൈദേഹി വെകാരിയയുമാണ് ലോകം അംഗീകരിച്ച കണ്ടെത്തലിനു പിന്നിൽ. ഛിന്നഗ്രഹത്തിന് എച്ച് എൽ സി 2514 എന്ന് പേരിട്ടു.

നാസയുടെ സ്പേസ് ഇന്ത്യയുടെ ഭാഗമായി ബന്ധപ്പെട്ട് നടത്തിയ പ്രൊജക്ടിന്റെ ഭാഗമായി ഹവായ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ടെലസ്കോപ്പിക് ചിത്രം വിശകലനം ചെയ്യുന്നതിനിടെയാണ് ഇരുവരും ഛിന്ന ഗ്രഹത്തെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണിലാണ് പ്രൊജക്ട് ആരംഭിച്ചത്. ജൂലായ് 23ന് നാസയിൽ നിന്ന് ഇവരുടെ കണ്ടെത്തൽ അംഗീകരിച്ചുള്ള അറിയിപ്പ് ലഭിച്ചു.

നാസയുടെ അംഗീകാരം ലഭിക്കുക ചില്ലറക്കാര്യമല്ലെന്നും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം കൊവിഡ് കാരണം ആഘോഷിക്കാൻ പറ്റുന്നില്ലെന്നുമാണ് ഇരുവരും പറയുന്നത്.

നിലവിൽ ചൊവ്വയെ വലം വയ്ക്കുന്ന ഛിന്ന ഗ്രഹം ഭൂമിക്ക് നേരിട്ട് ഭീഷണിയല്ല. പതിനായിരം വർഷങ്ങൾക്ക് ശേഷമേ അത്ര അപകടകാരിയല്ലാത്ത ഛിന്നഗ്രഹം ഭൂമിക്ക് സമീപമെത്തുകയുള്ളൂ. അതിനിടെ ഗ്രഹത്തിന്റെ ഭ്രമണപഥം മാറുമോ എന്നുള്ള തുടരന്വേഷണവും മിടുക്കികൾ നടത്തുന്നുണ്ട്.