തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ടയ്ക്ക് പരിഗണിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് സ്കൂളുകളിൽ ചെന്ന് ഫീസടച്ച ശേഷം ജില്ലാ സ്പോർട്സ് കൗൺസിൽ ഒാഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തണമെന്ന വ്യവസ്ഥ കൊവിഡ് കാലം പരിഗണിച്ച് മാറ്റണമെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ആവശ്യമുയർത്തുന്നു.
ഒാരോ ജില്ലയിലും നൂറിലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നിച്ചെത്തുക വഴി രോഗവ്യാപനത്തിനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നതാണ് ഭയം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും യാത്ര ചെയ്യാനുമാകില്ല.
ഇൗ സാഹചര്യം പരിഗണിച്ച് ഇത്തവണത്തെ സർട്ടിഫിക്കറ്റുകൾ സ്കൂൾ ഹെഡ്മാസ്റ്റർമാരോ പ്രിൻസിപ്പൽമാരോ ഒാൺലൈനായി പ്രാഥമിക പരിശോധന നടത്തിയ ശേഷം സ്പോർട്സ് കൗൺസിലിന് കൈമാറാനുള്ള വ്യവസ്ഥ ഉണ്ടാക്കണമെന്ന് ഡിപ്പാർട്ട്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രായോഗിക പരിശോധന വേണ്ട നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ആവശ്യമുണ്ട്.
വിദ്യാകിരൺ സ്കോളർഷിപ്പ് തീയതി നീട്ടണം: ഡി.എ.ഡബ്ളിയു.എഫ്
തിരുവനന്തപുരം: ഡിഗ്രി,പ്ളസ് വൺ അഡ്മിഷൻ നേടുന്നവർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ ഭിന്നശേഷിവിദ്യാർത്ഥികൾക്കുള്ള വിദ്യാകിരൺ സ്കോളർഷിപ്പിനുള്ള തീയതി ജൂലായ് 31ൽ നിന്ന് ഒരുമാസത്തേക്ക് നീട്ടണമെന്ന് ഡിഫറൻലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ ആവശ്യപ്പെട്ടു.
കെ.എസ്.എഫ്.ഇ യുടെ ലാപ്ടോപ്പ് വായ്പാ പദ്ധതി മാതൃകയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പദ്ധതി കൊണ്ടുവരണം. ലൈഫ് ഭവനപദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയോഗത്തിൽ പ്രസിഡന്റ് പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടജി ഒ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.