wayanad-

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതിൽ 278 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു.

നിലവിൽ 218 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ജില്ലയിൽ 210ഉം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയിൽ കഴിയുന്നു. ജില്ല കൊവിഡ് വ്യാപനത്തിന്റെ അതി തീവ്ര അവസ്ഥയിലേക്കെത്തിയതോടെ ജില്ലയിലേക്കുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

വയനാട്ടിലെ പേരിയ, പാൽചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളിൽ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ചരക്കു വാഹനങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാർ താമരശേരി ചുരം വഴി പോകണമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു.

ഇതിന് പുറമെ രോഗ വ്യപനം രൂക്ഷമായ ജില്ലയിലെ തവിഞ്ഞാൽ, എടവക, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് രാത്രി 12 മണി മുതൽ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നും അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവിൽ വ്യക്തമാക്കി.