ന്യൂഡൽഹി: രാജ്യത്തെ അൺലോക്ക് 3 മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. രാത്രി കർഫ്യൂ പിൻവലിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും സമ്മേള ഹാളുകളും തുറക്കുന്നതിൽ തീരുമാനം പിന്നീടായിരിക്കും.
സിനിമാതിയറ്ററുകളും അടുത്തമാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ തുടരും. ആഗസ്റ്റ് 5 മുതൽ ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും തുറക്കാം. അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേർ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.
മെട്രോ റെയിൽ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. പൊതുപരിപാടികൾ പാടില്ല. അതേസമയം ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമാകില്ല.