pic

സൈബർ ബുള്ളിയിംഗിനെതിരെയും ട്രോളുകൾക്കെതിരെയും പ്രതികരണവുമായി ബോളിവുഡ് നടി സൊനാക്ഷി സിൻഹ. ബോഡിഷെയിമിംഗിനും സൈബർ ബുള്ളിയിംഗിനും നിരന്തരം ഇരയായിട്ടുള്ള താരമാണ് സൊനാക്ഷി സിൻഹ. സമൂഹ മാദ്ധ്യമത്തിലൂടെയുള്ള ട്രോളുകളും ക്രൂര വിമർശനങ്ങളും മടുത്ത് കഴിഞ്ഞ മാസം സിൻഹ സൊനാക്ഷി തന്റെ ട്വിറ്റർ അക്കൗണ്ട് ‌ഡിലീറ്റ് ചെയ്തിരുന്നു.

പൂതിയ ഇൻസ്റ്റ​ഗ്രാമം അക്കൗണ്ടിലൂടെയാണ് സൈബർ ബുള്ളിയിങ്ങിനെതിരായ പ്രതിരോധത്തിന് താരം തുടക്കമിട്ടിരിക്കുന്നത്. അബ് ബസ്(ഇനി നിർത്താം) എന്ന പേരിൽ അതാതു രം​ഗത്തെ വിദ​ഗ്ദ്ധരുമായി അഭിമുഖം നടത്തുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുന്നത്.

സമൂഹമാദ്ധ്യമത്തെ ഇത്തരത്തിൽ ദുരുപയോ​ഗം ചെയ്യുന്നതിനെ മഹാമാരി ആയാണ് നടി വിശേഷിപ്പിക്കുന്നത്. സൈബർ ബുള്ളിയിംഗ്, ട്രോളിംഗ് എന്നീ പകർച്ചവ്യാധികൾ അവസാനിപ്പിക്കണം. സ്ക്രീനിന് പുറകിലിരുന്ന് മോശം അഭിപ്രായങ്ങളും കമന്റുകളും പരാമർശങ്ങളും ഭീഷണികളും നടത്തുന്ന പേരില്ലാത്ത ഈ ഉപദ്രവകാരികളെയെല്ലാം അവ​ഗണിക്കുന്നതിന് അവസാനമിടേണ്ടിയിരിക്കുന്നുവെന്നും താരം കുറിച്ചു.

അബ് ബസിന്റെ ആദ്യ എപ്പിസോഡിൽ മഹാരാഷ്ട്രാ പൊലീസ് സ്പെഷൽ ഐ.ജി പ്രതാപ് ദി​ഗാവ്കർ, സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റിതേഷ് ഭാട്ടിയ എന്നിവരാണ് അതിഥികളായി വന്നത്. സൈബർ ബുള്ളിയിംഗ് ഒരാളുടെ ജീവിതത്തെ തകർക്കുന്നത് എങ്ങനെയാണെന്നതിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെയെന്നും സൊനാക്ഷി പോസ്റ്റിൽ കുറിച്ചു.


നേരത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമയക്കുന്നത് സംബന്ധിച്ച വിഷയത്തിലും , ബനേ​ഗാ ക്രോർപതിയിൽ രാമായണം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതിരുന്ന സംഭവവും സമൂഹമാദ്ധ്യമത്തിൽ സൊനാക്ഷി സിൻഹയ്ക്കെതിരെ ട്രോളുകൾക്ക് കാരണമായിരുന്നു.