tiger

സമ്പത്തും സമൃദ്ധിയും ജൈവ വൈവിധ്യവും നിറഞ്ഞ രാജ്യമാണ് ഇന്ത്യ. 1972 ല്‍ ആണ് നമ്മുടെ ദേശീയ സമ്പത്തിന്റെ പ്രതീകമെന്ന നിലയില്‍ സിംഹത്തിന്റെ സ്ഥാനത്ത് കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത്. ഭാരതീയ സംസ്‌കാരത്തില്‍ കടുവകള്‍ക്ക് വളരെ പ്രധാന സ്ഥാനമാണ് ഉള്ളത്. യുഗങ്ങള്‍ മുതല്‍ തന്നെ മഹത്വത്തിന്റെയും ശക്തിയുടെയും സൗന്ദര്യത്തിന്റെയും ധൈര്യത്തിന്റെയും ഉഗ്രതയുടെയും പ്രതീകമായിട്ടാണ് കടുവകളെ കണ്ടുവരുന്നത്. ലോകത്തിലെ കടുവകളുടെ ജനസംഖ്യയുടെ പകുതിയോളം ഭാരതത്തിലാണ് കാണപ്പെടുന്നത്.


ജൂലായ് 29 ലോകം അന്താരാഷ്ട്ര കടുവ സംരക്ഷണ ദിനമായാണ് ആചരിച്ചു വരുന്നത്. അന്താരാഷ്ട്ര കടുവ ദിനം ആഗോള കടുവ ദിനം എന്നും അറിയപ്പെടുന്നു. കടുവ സംരക്ഷണത്തിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഈ ദിവസം ആഘോഷിച്ചു വരുന്നു. കടുവകളെ ഈ ലോകത്തിലെ ഏറ്റവും സുന്ദരവും ക്രൂരവുമായ മൃഗങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിലും വൈവിധ്യത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന സവിശേഷമായ ഒരു മൃഗമാണ് കടുവ. കടുവകള്‍ ധാരാളമായി കാണുന്നത് കാടിന്റെ ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്നതിന്റെ അടയാളമായിട്ടാണ് പറയപ്പെടുന്നത്.


വനങ്ങളില്‍ കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുന്നത്തിനും, കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ രണ്ടായിരത്തി പത്തില്‍ നടന്ന കടുവ ഉച്ചകോടിയില്‍ അന്താരാഷ്ട്ര കടുവ ദിനം ആരംഭം കുറിച്ചു. 2020ഓടെ കടുവ ജനസംഖ്യയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നു ഉച്ചകോടിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ആഗോള വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക, കടുവ സംരക്ഷണ വിഷയങ്ങളില്‍ പൊതുജന അവബോധവും പിന്തുണയും വളര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

മാംസഭുക്കുകള്‍ ആയ മാര്‍ജ്ജാരകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. ഏഷ്യന്‍ വന്‍കരയിലാണ് കടുവകളെ കണ്ടുവരുന്നത്. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാള്‍ കടുവയാണ്. കടുവയുടെ ഒമ്പത് ഉപജാതികളുണ്ട്, അവയില്‍ മൂന്നെണ്ണം വംശനാശം സംഭവിച്ചു കഴിഞ്ഞു. സൈബീരിയന്‍ ടൈഗര്‍, ബംഗാള്‍ കടുവ,സുമാത്രന്‍ കടുവ, ഇന്തോ ചൈനീസ് കടുവ, ദക്ഷിണ ചൈന കടുവ, മലയന്‍ കടുവ എന്നിവയാണ് ഇന്ന് ഭൂമിയില്‍ അവശേഷിക്കുന്ന ഇനങ്ങള്‍. ഇരുപതാം നൂറ്റാണ്ടില്‍ മൂന്ന് കടുവ ഉപജാതികള്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി. ബാലി ദ്വീപില്‍ കാണപ്പെട്ടിരുന്ന അവസാന ബാലിനീസ് കടുവ 1937-ല്‍ മരിച്ചു, 1950-ല്‍ കാസ്പിയന്‍ കടുവയുടെ വംശനാശം സംഭവിച്ചു. ജവാന്‍ കടുവയെ 1979-ല്‍ മൗണ്ട് ബെതിരി പ്രദേശത്ത് ആയിരുന്നു അവസാനമായി കാണപ്പെട്ടത്. 1990-ല്‍ മൗണ്ട് ഹാലിമുന്‍ സലക് നാഷണല്‍ പാര്‍ക്കില്‍ നടത്തിയ പര്യവേഷണ വേളയില്‍, ജാവന്‍ കടുവകള്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.

മഴക്കാടുകള്‍, പുല്‍മേടുകള്‍, കണ്ടല്‍ കാടുകള്‍, ചതുപ്പുകള്‍ എന്നീ വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥകളില്‍ കടുവകളെ കാണപ്പെടുന്നു. കടുവകളുടെ ആവാസസ്ഥലങ്ങളുടെ 93 ശതമാനം അപ്രത്യക്ഷമായത് പ്രധാനമായും മനുഷ്യ കടന്നുകയറ്റങ്ങള്‍ വ്യാപിച്ചതിനാലാണ്. കടുവകളെ സംരക്ഷിക്കുക എന്നാല്‍ ഭൂമിയുടെ ആരോഗ്യത്തിന് സുപ്രധാനമായ വനങ്ങള്‍ സംരക്ഷിക്കുക എന്നാണ്. ഓരോ കടുവയിലും ശരീരത്തില്‍ കാണുന്ന വരകള്‍ വ്യത്യസ്തമാണ്. മനുഷ്യ വിരലടയാളം പോലെ ഈ അടയാളങ്ങള്‍ വളരെ സവിശേഷമാണ്, കടുവകളെ തിരിച്ചറിയാന്‍ ശരീരത്തിലെ വരകളും കാല്‍പാദങ്ങളുടെ അടയാളങ്ങളും ആണ് ഗവേഷകര്‍ക്കു പ്രയോജനമാകുന്നത്. കടുവകള്‍ ഉപജാതികളില്‍ ആനുപാതികമായി വലുപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. 300 കിലോഗ്രാം വരെ ഭാരമുള്ള സൈബീരിയന്‍ കടുവകള്‍ ആണ് വലുപ്പത്തില്‍ ഏറ്റവും മുന്നില്‍. കടുവ ഉപജാതികളില്‍ ഏറ്റവും ചെറിയ സുമാത്രന്‍ കടുവയുടെ ഭാരം ഏകദേശം 120 കിലോഗ്രാമാണ്. ഓരോ ഉപജാതിയിലും പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഭാരമുള്ളവയാണ്. പെണ്‍കടുവകളെക്കാളും ഏകദേശം 1.7 മടങ്ങ് കൂടുതല്‍ ഭാരം ആണ്‍കടുവകള്‍ക്ക് കാണാറുണ്ട്.


കടുവകള്‍ ഏകരായി സഞ്ചരിക്കുവാനും ഇരതേടുവാനും ഇഷ്ടപെടുന്ന മൃഗമാണ്. കടുവക്കുട്ടികള്‍ പ്രായപൂര്‍ത്തിയാക്കുന്നതുവരെ അമ്മമാരോടൊത്താണ് ജീവിക്കുന്നത്. ഇരതേടുവാനുള്ള പരിശീലനവും അമ്മയില്‍ നിന്നാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഇണചേരുന്ന അവസരങ്ങളില്‍ മാത്രമാണ് ആണ്‍ പെണ്‍ കടുവകള്‍ ഒരുമിച്ചു കാണപ്പെടുന്നത്. ഇരകളുടെ ലഭ്യതക്കനുസരിച്ചു കടുവകള്‍ അവയുടെ അധീനഭൂപ്രദേശം അടയാളപ്പെടുത്താറുണ്ട്. മരങ്ങളില്‍ നഖങ്ങള്‍കൊണ്ട് മാന്തുകയും അവിടെ മൂത്രമൊഴിച്ചു വയ്ക്കുകയുമാണ് പ്രധാന അടയാളപ്പെടുത്തല്‍. ഒരു ആണ്‍കടുവയുടെ അധീനതയുള്ള പ്രദേശത്തേക്ക് മറ്റൊരു ആണ്‍ കടുവ പ്രവേശിക്കാറില്ല. രണ്ടു ആണ്‍ കടുവകള്‍ ഒരു പ്രദേശത്തു ഉണ്ടായാല്‍ കൂട്ടത്തില്‍ ശക്തനായ കടുവക്കു മാത്രമേ അവിടെ നിലനില്പുണ്ടാകു. കടുവകള്‍ 12 മുതല്‍ 26 വയസ്സ് വരെ ജീവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍ കടുവകള്‍ ഒരു സമയം ശരാശരി രണ്ട് മുതല്‍ നാല് വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗര്‍ഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമെ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂര്‍ത്തിയാവുന്നത് മൂന്നു വര്‍ഷംകൊണ്ടാണ്. കാട്ടില്‍ ഇരകളെ ലഭിക്കാതെ വരുക, ഇരപിടിക്കാനുള്ള ശാരീരികക്ഷമത നഷ്ടപ്പെടുക എന്നീ അവസരങ്ങളിലാണ് കടുവ ഇരതേടാനായി നാട്ടിലിറങ്ങുന്നത്.

ചൈനീസ് കലണ്ടറിന്റെ ഓരോ പന്ത്രണ്ടാം വര്‍ഷവും കടുവയുടെ വര്‍ഷമാണ്, അതില്‍ ജനിക്കുന്ന കുട്ടികളെ പ്രത്യേകിച്ച് ഭാഗ്യവും ശക്തരുമായി കണക്കാക്കുന്നു. ഹിന്ദു പുരാണത്തില്‍ ദുര്‍ഗാദേവിയുടെ വാഹനം ആണ് കടുവ. പുരാതന സിന്ധു നാഗരികതയില്‍ നിന്നുള്ള മുദ്രകളിലും കടുവകളുടെ ചിത്രം രേഘപെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കടുവകള്‍ നീന്തല്‍ വിദഗ്ധരാണ്. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, കേഴമാന്‍ മുതലായ മൃഗങ്ങളാണ് സാധാരണ കടുവകളുടെ ഭക്ഷണം. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ കാണ്ടാമൃഗം, ആന എന്നിവയെയും വേട്ടയാടാറുണ്ട്. കഴുത്തിനു പിറകില്‍ തന്റെ ദംഷ്ട്രകളിറക്കിയാണ് കടുവ ഇരകളെ കീഴടക്കുന്നത്. അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്‌നാ നാഡി തകര്‍ക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ കീഴ്‌പെടുത്തുവാനും കടുവയ്ക്കു കഴിയുന്നു. ഒരു നൂറ്റാണ്ടിന് മുന്‍പ് ഒരുലക്ഷത്തോളം കടുവകള്‍ സൈ്വരവിഹാരം നടത്തിയ ഭൂഖണ്ഡമായിരുന്നു ഏഷ്യ. ഇന്നവയുടെ എണ്ണം ഏകദേശം നാലായിരത്തിനടുത്താണ്. 1875 മുതല്‍ 1925 വരെ 50 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ കേവലം വിനോദത്തിനായി മാത്രം ഏകദേശം 80,000 കടുവകളെയെങ്കിലും കൊന്നിട്ടുണ്ടെന്നു ചരിത്രകാരനായ മഹേഷ് മഹേഷ് രംഗരാജന്‍ അഭിപ്രായപെടുന്നു. ബ്രിട്ടീഷ്, സമകാലിക ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിലും കൊളോണിയല്‍ ചരിത്രത്തിലും ഗവേഷണം നടത്തിയിട്ടുള്ള എഴുത്തുകാരനും ചരിത്രകാരനുമാണ് മഹേഷ് രംഗരാജന്‍.


ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രാജകീയ വിനോദമായിരുന്നു വേട്ടയാടല്‍. കടുവയെ വേട്ടയാടുന്നത് ഇന്ത്യയില്‍ ഒരു രാജകീയ കായിക ഇനമായി കണക്കാക്കപ്പെടുന്നു, ഈ കാട്ടിലെ യജമാനനെ വേട്ടയാടുന്നതില്‍ വിജയിക്കുന്നയാളെ സമൂഹത്തിലെ വീരന്‍മാരായിട്ടാണ് കണ്ടിരുന്നത്. കാരണം അക്കാലത്തു ഭാരതത്തില്‍ ഓരോ വര്‍ഷവും വന്യമൃഗങ്ങളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വളരെ അധികമായിരുന്നു.വിശാലമായ കടുവ വേട്ടകള്‍ തുടങ്ങുന്നത് മുഗളരുടെ കാലത്താണ്. മുഗള്‍ ചക്രവര്‍ത്തി ജലാല്‍-ഉദ്-ദിന്‍ മുഹമ്മദ് അക്ബറിന്റെ വലിയ വിനോദമായിരുന്നു നായാട്ടുകള്‍. ടിപ്പു സുല്‍ത്താന്‍ കടുവയെ തന്റെ ഭരണത്തിന്റെ രാജകീയ പ്രതീകമായി സ്വീകരിച്ചു. കടുവകളുടെ മുദ്രകള്‍ അദ്ദേഹത്തിന്റെ സിംഹാസനം, ആയുധങ്ങള്‍, കവചങ്ങള്‍ എന്നിവയില്‍ അലങ്കരിച്ചു. ചുവരുകളില്‍ കടുവയുടെ ചിത്രങ്ങള്‍ വരച്ച് വയ്ക്കുകയും യൂണിഫോമില്‍ കടുവയുടെ മുഖം മുദ്രണം ചെയ്യുകയും ചെയ്തു. അദ്ദേഹം കൊട്ടാരത്തെ കാത്തുസൂക്ഷിക്കാന്‍ കടുവകളെ വളര്‍ത്തിയിരുന്നു. ലണ്ടനിലെ വിക്ടോറിയ & ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ടിപ്പു സുല്‍ത്താന്റെ പ്രിയപ്പെട്ട ഒരു ഉപകരണമാണ് തടിയില്‍ കൊതിയുണ്ടാക്കിയ ഒരു യൂറോപ്യന്‍ മനുഷ്യനെ ആക്രമിക്കുന്ന യന്ത്രകടുവ.


മുഗളര്‍ക്കു പിന്‍ഗാമിയായ 1858നും 1947നും ഇടയില്‍ ബ്രിട്ടീഷ് രാജവംശം ഇന്ത്യയില്‍ ഭരിച്ച സമയത്ത് കടുവയെ വേട്ടയാടുന്നത് പ്രിയപ്പെട്ട ഒരു രാജകീയ കായിക ഇനമായി കണക്കാക്കപ്പെട്ടിരുന്നു. ഈ കാലഘട്ടമായിരുന്നു കടുവകളുടെ വംശനാശം വരെ സംഭവിക്കാവുന്ന തരത്തില്‍ ഭാരതത്തില്‍ കടുവ നായാട്ടുകള്‍ നടത്തിയിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടുകൂടി തോക്കുകളും മറ്റു വെടിക്കോപ്പുകളും വേട്ടയാടലുകള്‍ക്കു ഉപയോഗിക്കാന്‍ തുടങ്ങിയതായിരുന്നു ഈ ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. ബ്രിട്ടീഷുകാരെ പ്രീതിപ്പെടുത്തുവാന്‍ അന്നത്തെ നാട്ടുരാജാക്കന്മാര്‍ നൂറുകണക്കിന് ആളുകളും ആനകളുമായി വേട്ടയാടാന്‍ പോയതിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാര്‍ വേട്ടയാടി കൊല്ലുന്ന കടുവകളുടെ ശിരസ്സുകളും തുകലുകളും കൊട്ടാരങ്ങളും ഭവനങ്ങളും അലങ്കരിക്കാന്‍ ഉപയോഗിക്കുകയും ബ്രിട്ടനിലേക്കുകടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. കടുവകളുടെ വംശനാശത്തിന് കൂട്ടുനിന്നത് അക്കാലത്തു രാജ്യം ഭരിച്ചിരുന്ന നമ്മുടെ ചില രാജാക്കന്മാരുമായിരുന്നു. 1965-ല്‍ സര്‍ഗുജയിലെ മഹാരാജാവ് വന്യജീവി ജീവശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ഷാലറോട് ഒരു കത്തില്‍ അവകാശപ്പെട്ടത് 1,150 കടുവകളെയെങ്കിലും അദ്ദേഹം കൊന്നിട്ടുണ്ടന്നായിരുന്നു. രാജ്യം ഭരിച്ചവരും ഭരിക്കാന്‍ സഹയിക്കാന്‍വന്ന ബ്രിടീഷുകാരും ചേര്‍ന്ന് കൊന്നുതള്ളിയ കടുവകളുടെ മാത്രം കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സമ്പന്നവര്‍ഗത്തിനെ വിനോദത്തിനായി ബലിയാടാക്കപ്പെട്ട വന്യജീവികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കടുവകളായിരുന്നു. സമ്പന്നവര്‍ഗങ്ങള്‍ക്കു വേണ്ടി ആനകളും, കാണ്ടാമൃഗങ്ങളും, സിംഹങ്ങളുമടക്കം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ പണത്തിനുവേണ്ടി അനുവാദം കൊടുക്കുന്ന രാജ്യങ്ങളും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആഫ്രിക്കന്‍ വൻകരകളില്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും അപമാനകരം.

ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളില്‍ കടുവകളെ കാണപ്പെടുന്നു. കടുവകളുടെ ആവാസ വ്യവസ്ഥയുടെ മികച്ച നടത്തിപ്പിനായി കാടുകളെ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് 29 കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഉത്തരേന്ത്യയിലെ മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 1936 ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് 'ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്'. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളില്‍ ഒന്നാണിത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനെ കടുവകളുടെ പറുദീസ എന്ന് വിളിക്കാം. കാരണം, വിവിധതരം സസ്യജന്തുജാലങ്ങള്‍ അധിവസിക്കുന്ന പ്രകൃതിമനോഹരമായ ഇവിടെ കടുവകളുടെ വലിയൊരു ജനസംഖ്യയുണ്ട്. ഒരുകാലത്തു ഇതിഹാസ കടുവ വേട്ടക്കാരനായിരുന്ന, പില്‍ക്കാലത്തു അവയുടെ സംരക്ഷകനും പ്രകൃതിശാസ്ത്രജ്ഞനുമായ എഡ്വേര്‍ഡ് ജെയിംസ് ജിം കോര്‍ബറ്റ് (1875-1955) ന്റെ പേരിലാണ് ഈ കടുവാസങ്കേതം അറിയപ്പെടുന്നത്. തന്റെ ജീവിതകാലത്ത് കോര്‍ബറ്റ് നരഭോജികളായ നിരവധി പുള്ളിപ്പുലികളെയും കടുവകളെയും കണ്ടെത്തി വെടിവച്ചു കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ കേണല്‍ പദവി വഹിച്ച കോര്‍ബറ്റിനോട്, ഗര്‍വാള്‍, കുമയോണ്‍ ഗ്രാമപ്രദേശങ്ങളിലെ ആളുകളെ ഇരയാക്കുന്ന മനുഷ്യ-തിന്നുന്ന കടുവകളെയും പുള്ളിപ്പുലികളെയും കൊല്ലാന്‍ അന്നത്തെ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 'മാന്‍-ഈറ്റേഴ്‌സ് ഓഫ് കുമയോണ്‍' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകത്തില്‍ നരഭോജികളായ വന്യമൃഗങ്ങളും മനുഷ്യരുമായിട്ടുള്ള സംഘട്ടങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഈ നരഭോജികള്‍ 1,200 ലധികം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നിട്ടുണ്ടെന്ന് കോര്‍ബറ്റ് സാക്ഷ്യപ്പെടുത്തുന്നു.


ഇന്ത്യയിലെ പ്രധാന വന്യജീവി സംരക്ഷണ പദ്ധതിയായി 1973 ഏപ്രില്‍ 1 ന് ഇന്ത്യയിലെ പ്രോജക്റ്റ് ടൈഗര്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു. ഭാരതത്തിന്റെ ദേശീയ മൃഗത്തിന്റെ എണ്ണം 2006 ആയപ്പോള്‍ 1411 ആയിരുന്നു. ഇത് ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതും മാത്രമല്ല, ദേശീയ മൃഗത്തിന്റെ സംരക്ഷണത്തില്‍ കാണിച്ച അവഗണനയുടെ പ്രതിഫലനവുമായിരുന്നു. അത് സര്‍ക്കാര്‍ സംവിടങ്ങളുടെ നിഷേധിക്കാനാവാത്ത പരാജയവുമായിരുന്നു. ഈ സ്ഥിതിവിവരക്കണക്കുകള്‍ ഉന്നയിച്ച രൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഈ വിഷയം പരിശോധിക്കുകയും രാജ്യത്തെ കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ സംവിധാനങ്ങളുടെയും എൻ.ജി.ഒകളുടെയും കാര്യക്ഷമമായ ഇടപെടലുകൾ പതിയെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.


ഓരോ 4 വര്‍ഷത്തിലും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്ത്യയിലുടനീളം കടുവ സെന്‍സസ് നടത്തുന്നു. 2018ലെ കണക്കുകള്‍ പ്രകാരം 2967 കടുവകള്‍ നമ്മുടെ 19 സംസ്ഥാനങ്ങളിലെ കാടുകളില്‍ വിഹരിക്കുന്നു. ലോകത്താകമാനം ഉള്ള കടുവകളുടെ ഏകദേശം 75 ശതമാനം ഭാരതത്തിലാണ്. എണ്ണത്തില്‍ 526 കടുവകളുമായി മധ്യപ്രദേശ് ഒന്നാമത്തെ സംസ്ഥാനമായി മാറിയപ്പോള്‍ കര്‍ണാടക 524 കടുവകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 442 കടുവകളുള്ള ഉത്തരാഖണ്ഡ് മൂന്നാം സ്ഥാനത്താണ്. 2006 ഇല്‍ 46 കടുവകള്‍ മാത്രമുണ്ടായിരുന്ന കേരളം ഇന്ന് 190 കടുവകളുമായി ഏഴാം സ്ഥാനത്താണ്. ഭാരതത്തില്‍ പന്ത്രണ്ടു വർഷം കൊണ്ട് കടുവകളുടെ എണ്ണം ഇരട്ടിയായപ്പോള്‍ കേരളത്തില്‍ കടുവകളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു എന്നത് കേരളവനം വകുപ്പിനു അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവ സംരക്ഷണ കേന്ദ്രമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. പീഞ്ച് ടൈഗര്‍ റിസര്‍വ്, ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വ്, കന്‍ഹ ടൈഗര്‍ റിസര്‍വ്, സത്പുര ടൈഗര്‍ റിസര്‍വ്, സഞ്ജയ് ദുബ്രി ടൈഗര്‍ റിസര്‍വ്, പന്ന ടൈഗര്‍ റിസര്‍വ് എന്നിവയാണ് അവ. കേരളത്തിലെ രണ്ടു ടൈഗര്‍ റിസെര്‍വുകള്‍ പെരിയാറും പറമ്പികുളവുമാണ്. കടുവകളുടെ ആവാസവ്യവസ്ഥയില്‍ കുറവുണ്ടാക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുന്നതിനും ഉചിതമായ തീരുമാനങ്ങളിലൂടെ അവയെ ലഘൂകരിക്കുന്നതിനും. ഇതിനകം ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ചു് പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയെ കഴിയുന്നത്ര വീണ്ടെടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രൊജക്റ്റ് ടൈഗര്‍ ഇന്‍ ഇന്ത്യ എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ബംഗാള്‍ കടുവയുടെ ജനസംഖ്യ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ കീഴിലുള്ള 72,749 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശം പ്രോജക്ട് ടൈഗര്‍ന്റെ ഭാഗമായി സംരക്ഷിച്ചു വരുന്നു.


ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കടുവകള്‍ കാണുന്ന പ്രത്യേക മേഖലകളെ റിസര്‍വിന്റെ 'കോര്‍' ഏരിയയായി തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രദേശങ്ങള്‍ എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാണ്. ഇതിന് സാധാരണയായി നാഷണല്‍ പാര്‍ക്ക് അല്ലെങ്കില്‍ വന്യജീവി സങ്കേതത്തിന്റെ നിയമപരമായ പദവി ഉണ്ട്. ടൂറിസം ഉള്‍പ്പെടെ പ്രധാന മേഖലയ്ക്കുള്ളില്‍ മനുഷ്യ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. ദൈനംദിന ജോലികളായ കന്നുകാലികളുടെ മേച്ചില്‍, വിറകു ശേഖരണം എന്നിവയും നിരോധിച്ചിരിക്കുന്നു. ബഫര്‍ ഏരിയകള്‍ സാധാരണയായി കോര്‍ ഏരിയയെ ചുറ്റിപ്പറ്റിയുള്ളവയാണ്, മാത്രമല്ല അവിടെ ബഫര്‍ ഏരിയ രണ്ടു ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഒന്ന്, പ്രധാന പ്രദേശത്ത് നിന്നുള്ള വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കാരണം പുറത്തുവരുന്നവയുടെ ആവാസ വ്യവസ്ഥയായി ഇത് പ്രവര്‍ത്തിക്കുന്നു. രണ്ട്, ഇത് ചുറ്റുമുള്ള ഗ്രാമങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായി മാറുകയും കോര്‍ സോണിലെ അവരുടെ ആഘാതം ഒഴിവാക്കുകയും ചെയ്യുന്നു. ഇവിടെ വന്യജീവികള്‍ താരതമ്യേന കുറവായിരിക്കും. അതിനാല്‍, ഇവിടെ പരിമിതമായ മനുഷ്യ ഇടപെടല്‍ വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയുമില്ല.


ബിഗ് ക്യാറ്റ്‌സ് ഫാമിലിയിലെ മൂന്ന് പ്രധാന അംഗങ്ങളായ സിംഹം, കടുവ, പുള്ളിപ്പുലി, എന്നിവയെ ആതിഥേയത്വം വഹിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. നൂറിലധികം ദേശീയ പാര്‍ക്കുകളും 50 കടുവ സംരക്ഷണ കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അമ്പത്തിയെട്ട് രാജ്യങ്ങള്‍ വന്യമൃഗങ്ങളുടെ സംരക്ഷണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയുടെ തുകല്‍ ഉത്പന്നങ്ങളുടെയും മറ്റു അവയവങ്ങളും ഇറക്കുമതി, കയറ്റുമതി, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നത് ശക്തമായ നിയമ നടപടികളില്‍ സ്വീകരിച്ചിട്ടുണ്ട്. കടുവകള്‍ക്കുള്ള പ്രധാന ഭീഷണി വേട്ടയാടലാണ്. കരിഞ്ചന്തയില്‍, രോമങ്ങളും അസ്ഥികളും ആണ് പ്രധാന കച്ചവടം, കൂടുതലും ഏഷ്യയില്‍, അവ പരമ്പരാഗത ചൈനീസ് മരുന്നുകളിലും മറ്റും ഉപയോഗിക്കുന്നു, പലപ്പോഴും ശാസ്ത്രീയ അടിത്തറയില്ലാത്ത പല വിശ്വാസങ്ങള്‍ക്കായി ഇവയുടെ ശരീര ഭാഗങ്ങളെ ഉപയോഗിക്കുന്നു.


ജീവശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ശക്തമായ ഇടപെടലുകളിലൂടെ ഇവയുടെ സംരക്ഷണവും അവയുടെ ആവാസവ്യവസ്ഥയും പഴയപടിയാക്കിയില്ലെങ്കില്‍, അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ കടുവകള്‍ വംശനാശം സംഭവിക്കും. വേട്ടയാടലിനൊപ്പം, വനനശീകരണം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശനഷ്ടമാണ് കാടിന്റെ പുത്രന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, മരങ്ങള്‍ക്കും, മേച്ചില്‍ സ്ഥലങ്ങള്‍ക്കുമായി മുഴുവന്‍ വനങ്ങളും തുടച്ചുനീക്കപ്പെടുന്നു. ഈ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നാമൊരുമിച്ചു പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന് പ്രകൃതി ഒരുക്കിയിട്ടുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയുടെ നിലനില്‍പ്പ് വനങ്ങളുടെയും വന്യ ജീവികളുടെയും സന്തുലിതാവസ്ഥക്കു കോട്ടം ഉണ്ടാകാതെ നിലനില്‍ക്കണം അതിനു കടുവകളുടെ പ്രാധാന്യം വളരെ വലുതാണ്.