കാൻബെറ : ' മോശം പെരുമാറ്റത്തെ തുടർന്ന് എമു പക്ഷികൾക്ക് ഇവിടേക്ക് പ്രവേശനമില്ല...!' ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ ഏറ്റവും വിദൂരമായ പ്രദേശമായ യരാകയിലെ ഒരു കൊച്ചു ഹോട്ടലിന് മുന്നിലെ മുന്നറിയിപ്പാണിത്. ഏകദേശം 18 പേർ ആണ് യരാകയിൽ സ്ഥിര താമസക്കാരായുള്ളത്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാണ് കരോൾ, കെവിൻ എന്നീ രണ്ട് എമു പക്ഷികൾ.
2018ൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ എമു മുട്ടകൾ വിരിഞ്ഞാണ് കരോളും കെവിനും ഉൾപ്പെടെ 8 എമുക്കുഞ്ഞുങ്ങൾ യരാകയിലെ അന്തേവാസികളായി മാറിയത്. കുഞ്ഞുങ്ങളായിരിക്കെ പ്രദേശവാസികളാണ് ഈ പക്ഷികളെ നോക്കിയിരുന്നത്. വളർന്നതോടെ കരോളും കെവിനും ഒഴികെ മറ്റ് എമു പക്ഷികളെല്ലാം എവിടേക്കോ പോയി. ഇപ്പോൾ പ്രദേശവാസികൾക്കെല്ലാം തലവേദനയായി മാറിയിരിക്കുകയാണ് ഇരുവരും.
ക്രിസ് ഗിംബ്ലെറ്റ് എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ എമു പക്ഷികളെ വിലക്കിയതായുള്ള അറിയിപ്പുള്ളത്. യരാകയിലെ ആകെയുള്ള ഒരു പബ്ബ് കൂടിയാണ് ഗിംബ്ലെറ്റിന്റെ ഹോട്ടൽ.
കരോളും കെവിനും കാട്ടിക്കൂട്ടുന്ന ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് ഗിംബ്ലെറ്റ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. വളർന്നതോടെ ഇരുവരും ഹോട്ടലിന്റെ ഉയരമുള്ള പടികൾ കയറി അകത്ത് കടക്കാൻ തുടങ്ങി. പിന്നീട് ഹോട്ടൽ യുദ്ധക്കളം പോലെയാകും.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ഭക്ഷണവും കാപ്പിയുൾപ്പെടെയുള്ള പാനീയങ്ങളും, എന്തിന് കാറിന്റെ താക്കോൽ പോലും മോഷ്ടിക്കാൻ ഇരുവരും തുടങ്ങിയത്രെ. അങ്ങോട്ടുമിങ്ങോട്ടുമോടി ഹോട്ടലിനുള്ളിൽ കനത്ത നാശനഷ്ടങ്ങളും ഉണ്ടാക്കാൻ തുടങ്ങി. ഒന്നും സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയായി.
തുടർന്ന് ഹോട്ടലിന്റെ പ്രവേശന വാതിലിൽ എമു പ്രവേശിക്കാതിരിക്കാൻ കയർ കെട്ടി നിറുത്തിയിരിക്കുകയാണ് ഗിംബ്ലെറ്റ് ഇപ്പോൾ. ഇവിടെയെത്തുന്നവർക്ക് ഈ കയർ മാറ്റി ഉള്ളിലേക്ക് പ്രവേശിക്കാം. കയറിക്കഴിഞ്ഞാൽ ഉടൻ തന്നെ അത് തിരികെ ബന്ധിപ്പിക്കുകയും വേണം. ഗിംബ്ലെറ്റിന് മാത്രമല്ല, പ്രദേശവാസികൾക്കെല്ലാം ഇരുവരെയും പറ്റി പരാതികളേറെയാണ്. ഭക്ഷണം ഉൾപ്പെടെ പലതും മോഷ്ടിച്ച് ഓടുന്നതാണത്രെ കരോളിന്റെയും കെവിന്റെയും ഹോബി.