ബെംഗളൂരു։ കൊവിഡ് ബാധിച്ചിട്ടും ചികിത്സ ലഭിക്കാതെ വന്നതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ബെംഗളുരു സ്വദേശിയായ സഞ്ജയ് ഗാർഗ്. ജൂൺ 28നാണ് 49കാരനായ സഞ്ജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി അഞ്ച് ആശുപത്രകളെയാണ് അദ്ദേഹം സമീപിച്ചത്. ഒരിടത്ത് നിന്നും ചികിത്സ ലഭിച്ചില്ല. പിന്നീട്, ചില സുഹൃത്തുക്കളുടെ സ്വാധീനത്തിന്റെ പുറത്താണ് ചികിത്സ ലഭിച്ചത്. ഇതോടെയാണ് കൊവിഡ് രോഗികൾക്കായി ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കാലത്ത് തന്നെ 42 കിടക്കകളുടെ സൗകര്യം അടക്കമുള്ള ഒരു കൊവിഡ് കെയർ സെന്റർ നിർമ്മിക്കുകയായിരുന്നു. ഇദ്ദേഹം നേതൃത്വം നൽകുന്ന അഗർവാൾ സമാജ് കർണാടകയുടെ മറ്റ് അംഗങ്ങളുടെ സഹകരണത്തോടെ വെറും 48 മണിക്കൂറുകൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്.
രണ്ട് ഡോക്ടർമാരെയും നാല് നഴ്സുമാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നൂറ് രോഗികൾക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ, ഇൻഡോർ ഗെയിമുകളും വൈ ഫൈ അടക്കമുള്ള സൗകര്യങ്ങളും നൽകുന്നുണ്ട്.