trump-

വാഷിംഗ്ടണ്‍: മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാകുമെന്ന വാദം വീണ്ടുമുയര്‍ത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്ത് നടന്ന പല ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഗുണമുണ്ടാക്കില്ലെന്ന് തെളിഞ്ഞെങ്കിലും ഒരിടവേളയ്ക്ക് ശേഷം മലേറിയ മരുന്നിനെ പിന്തുണച്ച് ട്രംപ് വീണ്ടും രംഗത്തെത്തുകയായിരുന്നു. യു.എസിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ. ആന്തണി ഫൗസിയുടെ കഴിവിനെയും ട്രംപ് ചോദ്യം ചെയ്തു.

മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക കൊവിഡ്-19 ചികിത്സയില്‍ ഗുണം ചെയ്യുന്നില്ലെന്ന് ലോകത്ത് പല കേന്ദ്രങ്ങളിലായി നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെ അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിനു പിന്നാലെയാണ് വീണ്ടും എതിര്‍വാദവുമായി ട്രംപ് രംഗത്തെത്തിയത്. കൊവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളെപ്പറ്റി വടക്കന്‍ കാരലിനയില്‍ പ്രസംഗിച്ച ട്രംപ് തിരികെയെത്തിയ ശേഷം വീണ്ടും ഹൈഡ്രോക്‌സി ക്ലോറോക്വിനെ പുകഴ്ത്തുകയായിരുന്നു.

എച്ച്‌.സി.ക്യൂ സംബന്ധിച്ച് ഡോ. ആന്തണി ഫൗസി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ വൈറ്റ് ഹൗസ് ഉപദേശകനായ സ്റ്റീവ് ബാനന്‍ പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റും ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചു. ഗുളികയുടെ ഉപയോഗം നിര്‍ത്താനുള്ള യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവിനെ ഡോ.ആന്തണി ഫൗസി ഒരു ചാനല്‍ അഭിമുഖത്തില്‍ സ്വാഗതം ചെയ്തിരുന്നു.