മുംബയ്: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്ത് അപകടത്തിലാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കെെക്കാളളണമെന്നും നടന്റെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നതായി വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 25നാണ് കുടുംബം ബാന്ദ്ര പൊലീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിരുന്നത്. ഈ സമയം നടി റിയ ചക്രബർത്തിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു സുശാന്തെന്നും കുടുംബം ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ പരാതിയിൽ മുംബയ് പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു.
കേസിൽ ബീഹാർ പൊലീസ് പോലും എഫ്.ഐ.ആർ സമർപ്പിക്കാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് എഫ്.ഐ.ആർ സമർപ്പിച്ചതെന്നും വികാസ് സിംഗ് പറഞ്ഞു.എഫ്.ഐ.ആർ സമർപ്പിക്കാൻ ഞങ്ങൾ ബീഹാർ പൊലീസിനെ സമീപിച്ചപ്പോൾ ഉന്നതരായ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്ന് അവർ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.നടി റിയ ചക്രബർത്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വികാസ് സിംഗ് ആവശ്യപ്പെട്ടു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സുശാന്തിന്റെ മരണകാരണം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.സുശാന്ത് കുടുംബവുമായി അകന്നു കഴിയുന്ന കാര്യം റിയക്ക് അറിയാമായിരുന്നെന്നും അച്ചനോടും മറ്റു കുടുംബാഗങ്ങളോടും സംസാരിക്കാൻ പോലും ഇവർ സുശാന്തിനെ അനുവദിച്ചിരുന്നില്ലെന്നും വികാസ് സിംഗ് വ്യക്തമാക്കി.
മുംബയ് പൊലീസ് തെറ്റായ ദിശയിലാണ് കേസ് അന്വഷിക്കുന്നത്. കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ പിന്നാലെയാണ് പൊലീസെന്നും റിയയെ കുറിച്ച് അന്വേഷിക്കാൻ അവർ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാലാണ് ബീഹാർ പൊലീസിനെ സമീപിച്ചതെന്നും വികാസ് വ്യക്തമാക്കി.