ന്യൂയോർക്ക് : യു.എസിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 150,000 കടന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ 10,000 പേർക്കാണ് യു.എസിൽ ജീവൻ നഷ്ടപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് യു.എസ്. നിലവിൽ യു.എസിലെ ആകെ മരണ സംഖ്യ 152,675 ആണ്. 4,513,247 പേരാണ് രോഗബാധിതരായുള്ളത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിൽ യു.എസിൽ മരണ നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം, പുതിയ രോഗബാധിതരുടെ നിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്.
അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞു.
ഈ മാസം ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത യു.എസ് സംസ്ഥാനം ടെക്സസ് ആണ്. 4,000 ത്തോളം പേർ ഈ മാസം ടെക്സസിൽ മരിച്ചു. ഫ്ലോറിഡയിലും കാലിഫോർണിയയിലും 2,500 ലേറെ പേർ ഈ മാസം മാത്രം മരിച്ചു. അതേ സമയം, യു.എസിൽ കൊവിഡ് ആരംഭിച്ച നാൾ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം ന്യൂയോർക്കാണ്. 32,719 പേർ ന്യൂയോർക്കിൽ മാത്രം മരിച്ചു.
യു.എസ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്ക് - കഴിഞ്ഞ 24 മണിക്കൂറിനിടെ ( സംസ്ഥാനം, ആകെ രോഗികൾ, ആകെ മരണം എന്ന ക്രമത്തിൽ )
1. കാലിഫോർണിയ - 474,819 - 8,716
2. ഫ്ലോറിഡ - 451,423 - 6,335
3. ന്യൂയോർക്ക് - 441,262 - 32,719
4. ടെക്സസ് - 414,877 - 6,004
5. ന്യൂജേഴ്സി - 186,309 - 15,905
6. വാഷിംഗ്ടൺ - 55,824 - 1,552