പാലക്കാട്: പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. എം.എൽ.എയോടൊപ്പം നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് രോഗബാധിതനുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.
എം.എൽ.എ ക്വാറന്റീനിൽ പോകാത്തത് സംബന്ധിച്ച് വലിയ വിവാദമുയർന്നിരുന്നു. എന്നാൽ, തന്നോട് ആരോഗ്യവകുപ്പ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടില്ലെന്നായിരുന്നു എം.എൽ.എയുടെ വാദം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് വിശദീകരണമൊന്നും നൽകിയിരുന്നുമില്ല.
പട്ടാമ്പി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചെയർമാൻ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പോയത്. പ്രാഥമിക സമ്പർക്കത്തിൽ വന്നിരുന്ന എം.എൽ.എ ക്വാറന്റീനിൽ പോകാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു.