ജിദ്ദ: കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. ഒഴുകിയെത്തുന്ന വിശ്വാസിലക്ഷങ്ങൾ ഇത്തവണയില്ല. സൗദി അറേബ്യയ്ക്കകത്തെ ആയിരത്തോളം തീർത്ഥാടകർ മാത്രമാണ് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നത്. ഇതിൽ എഴുന്നൂറ് പേരും സൗദിയിൽ താമസിക്കുന്ന വിദേശ പൗരന്മാരാണ്. ബാക്കിയുള്ളവർ സ്വദേശികളും. 30 ഓളം ഇന്ത്യക്കാരും സംഘത്തിലുണ്ട്. സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ച ക്വാറന്റൈൻ പൂർത്തിയാക്കിയാണ് ഹാജിമാർ പുണ്യ ഭൂമിയിൽ പ്രവേശിച്ചത്. ഇന്നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.
സുരക്ഷാ അകലം പാലിച്ചാണ് ചടങ്ങുകൾ. മക്ക, മദീന, മിന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹാജിമാർ സഞ്ചരിക്കുന്ന വഴികളും, താമസിക്കുന്ന ഇടങ്ങളും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്. ഹജ്ജിന്റെ ഓരോ ചടങ്ങുകളിലും ഹാജിമാർ തമ്മിൽ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ഇതിനായി സന്നദ്ധ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.
ഇരുപത് പേർ വീതമുള്ള സംഘങ്ങളായാണ് തീർത്ഥാടകരെ മിനായിലെത്തിച്ചത്. ഇന്ന് പകൽ അറഫയിൽ കഴിഞ്ഞ ശേഷം മുസ്ദലിഫയിലേക്ക് തിരിക്കും. പിന്നീട് വീണ്ടും മിനായിലെത്തും. നാളെ ബലി പെരുന്നാൾ ചടങ്ങുകളും കഴിഞ്ഞ് ആഗസ്റ്റ് മൂന്നിനാണ് കർമ്മങ്ങൾ സമാപിക്കുക.