ലോകമെമ്പാടും വ്യാപിച്ച കൊവിഡ് മഹാമാരിയുടെ കടുത്ത ദിനങ്ങളിലൂടെയാണ് നമ്മുടെ കൊച്ചു കേരളം കടന്നു പോകുന്നത്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിംഗ് ജോലികള്‍ ചെയ്യുന്നവര്‍ വരെയുള്ള പതിനായിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമമാണ് കേരളത്തെ ദുരന്തത്തില്‍ നിന്നും കരകയറ്റുന്നത്. എന്നാല്‍ ഇതില്‍ നൂറുകണക്കിന് ഹൗസ് സര്‍ജന്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ചലനാത്മകമാക്കുന്നത്. ഇതില്‍ തന്നെ വിദേശത്ത് നിന്നും ഡിഗ്രി കരസ്ഥമാക്കുന്നവര്‍ ഒരു വര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന ഉണ്ട്. ഒരു രൂപ പോലും വേതനം ഇവര്‍ക്ക് ഈ കാലയളവില്‍ ലഭിക്കുന്നില്ല. ഭാരിച്ച ലോണുകളുടെ ബാദ്ധ്യതയുള്ളവരാണ് ഇവരില്‍ പലരും. ഇത്തരം ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളെകുറിച്ച് പൊതു സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ഡോ ജിനേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ. കൊവിഡ് കാലത്തെ ഇവരുടെ സേവനം എങ്കിലും പരിഗണിച്ച് ഈ കുറിപ്പ് അധികാരികളുടെ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ചിലര്‍ റൗണ്ട്സ് കഴിയുമ്പോള്‍ ചായ വാങ്ങി തരും, ചിലര്‍ അതുമില്ല.'
ഒരു ഹൗസ് സര്‍ജ്ജന്‍ പറഞ്ഞതാണ്. ജോലി സാഹചര്യങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ കാര്യങ്ങള്‍ക്കിടയില്‍ വെറുതെ പറഞ്ഞുപോയ ഒരു വാചകമാണ്. മറ്റു രാജ്യങ്ങളില്‍ പഠിച്ച, കേരളത്തിലെ ഹെല്‍ത്ത് സര്‍വീസില്‍ ജില്ലാ/ജറനല്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരില്‍ ഒരാളോട് സംസാരിച്ചപ്പോള്‍ പല വിഷയങ്ങള്‍ക്കിടയില്‍ വന്നുപോയ വാക്കുകളാണ്. അവരുടെ അവസ്ഥ വളരെ മോശമാണ്.
ചില സ്ഥലങ്ങളിലെങ്കിലും അവരോടുള്ള പെരുമാറ്റവും മോശമാണ്.
കേരളത്തിലെ ജനറല്‍ ആശുപത്രികളില്‍ അവര്‍ ഒരു പ്രധാന വര്‍ക്ക് ഫോഴ്സ് തന്നെയാണ്. വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ് എത്തുന്നവര്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയെങ്കിലും ചെയ്യണമെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന ഉണ്ട്. 2019 മുതലുള്ള നിബന്ധനയാണ്. പുറത്തു നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞു വരുന്നവര്‍ക്ക് ഇതുകൊണ്ട് വളരെയധികം ഗുണമുണ്ട്. അതുപോലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ചും ഇവരുടെ സാന്നിധ്യം വളരെ ഗുണകരമാണ്.
പക്ഷേ അവരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരന്തരം അവഗണിക്കപ്പെടുകയാണ് എന്നത് ഖേദകരമാണ്.
'ഈ ഒരു വര്‍ഷം ചെയ്തു തീര്‍ക്കുക എന്നത് നിങ്ങളുടെ കാര്യമാണ്. ഇതില്ലാതെ നിങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യാന്‍ പറ്റില്ല. ഇവിടെനിന്ന് ടെര്‍മിനേറ്റ് ആയാല്‍ നിങ്ങളുടെ ഭാവി തന്നെ ഇല്ലാതാകും. ഇത്രയൊക്കെയേ പറ്റൂ...'
ന്യായമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചില മേലധികാരികള്‍ നല്‍കുന്ന മറുപടികള്‍ ഇങ്ങനെയാണ്. ഏതാണ്ട് സമാനമായ മറുപടികള്‍ മുന്‍പ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കേട്ടിട്ടുള്ളതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ല.
കോവിഡ് എന്ന മഹാമാരിക്ക് മുന്‍പില്‍ ആണ് നമ്മള്‍. ഓരോ ആരോഗ്യപ്രവര്‍ത്തകരും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യേണ്ട അവസരം. അതിലൊരു വിഭാഗത്തില്‍പെടുന്നവരെ മാത്രം നിരന്തരം അവഗണിക്കുന്നത് ശരിയല്ല. കോവിഡ് ഡ്യൂട്ടിയും സ്വാബ് ശേഖരണവും പോലുള്ള ഡ്യൂട്ടികള്‍ പലസ്ഥലങ്ങളിലും ഇവര്‍ ചെയ്യുന്നുണ്ട്.
പക്ഷേ പേരിനുപോലും ഒരു രൂപ െ്രസ്രെപന്‍ഡ് നല്‍കുന്നില്ല. ലോണെടുത്ത് പഠിച്ച ധാരാളം പേരുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 25000 രൂപയാണ് െ്രസ്രെപന്‍ഡ്. അതൊന്നും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ന്യായമായ എന്തെങ്കിലും ആവശ്യം ഉന്നയിക്കുമ്പോള്‍ കുത്തുവാക്കുകളും കുറ്റപ്പെടുത്തലും ആണ് പല സ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലും ഇല്ലാത്തരുമുണ്ടിവരില്‍്. ഇവര്‍ക്ക് റിസ്‌ക് അലവന്‍സുമില്ല.
ചില സ്ഥലങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാകുന്നത്ര രീതിയിലുള്ള സുരക്ഷാ ഉപാധികള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ലായിരുന്നു, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്. എന്നിട്ടും ഡ്യൂട്ടിക്കിടെ ഇവരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ കാരണത്തിനു മെമ്മോ കൊടുക്കും എന്ന് പറഞ്ഞവര്‍ വരെ ഉണ്ട്.
കേരളത്തിലാകെ അഞ്ഞൂറിലധികം ഹൗസ് സര്‍ജന്‍മാര്‍ ഇങ്ങനെ ജോലിചെയ്യുന്നുണ്ട് എന്നു തോന്നുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്‍പതില്‍ കൂടുതല്‍ പേരുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അതില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടാവും.
അഡ്മിറ്റായ രോഗികള്‍ ആവശ്യപ്പെടുമ്പോള്‍ ഉടനടി ഡോക്ടര്‍ എത്തിയില്ല എന്ന പരാതി ഈ അടുത്തകാലത്ത് കുറയാന്‍ ഈ വിഭാഗക്കാര്‍ വളരെ വലിയ ഒരു കാരണമാണ്.
ഇവരും കൂടിച്ചേരുന്നതാണ് കേരളത്തിലെ ആരോഗ്യ മേഖല. നാളെ മറ്റേതൊരു ഡോക്ടറെയും പോലെ തന്നെ ഇവരും ചികിത്സിക്കും. ഇവരും ഡോക്ടര്‍മാര്‍ ആണെന്ന് ഡോക്ടര്‍ കമ്മ്യൂണിറ്റികളില്‍ തന്നെ ഉള്ള ചിലര്‍ കൂടി മനസ്സിലാക്കേണ്ടതുമുണ്ട്. ഇവരെ കൂടി ചേര്‍ത്തു പിടിക്കേണ്ടതുണ്ട്. ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും സമൂഹവും സംഘടനകളും തയ്യാറാവണം. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരും തയ്യാറാവണം.