തിരുവനന്തപുരം : രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് പുതുക്കി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കടലാക്രമണത്തില്‍ തകര്‍ന്ന റോഡും ബീച്ചും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. മന്ത്രിയോടൊപ്പം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീകുമാര്‍ , എം.എല്‍.എ വി.എസ് ശിവകുമാര്‍ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയര്‍ , സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ , പ്രൈവറ്റ് സെക്രട്ടറി എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷമായി രൂക്ഷമായ കടലാക്രമണമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതേ തുടര്‍ന്ന് ഏറെപ്പേരെ ആകര്‍ഷിച്ചിരുന്ന ശംഖുംമുഖം ബീച്ച് അപ്പാടെ കടലെടുക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇതിന് പിന്നാലെയാണ് തീരദേശത്തെ റോഡും കടല്‍ കവര്‍ന്നത്. സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡിന്റെ അടിഭാഗത്തുള്ള മണ്ണ് ഒലിച്ചു പോയി റോഡ് തകരുകയുമാണുണ്ടായത് .
കടലാക്രമണത്തിലും തകരാത്ത വിധത്തിലുള്ള റോഡു നിര്‍മ്മാണമാണ് ഇനി ഇവിടെ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ പഠനം നടത്തുകയും റോഡിനോട് ചേര്‍ന്ന് തകര്‍ന്ന സംരക്ഷണ ഭിത്തി റോഡ് ലെവലില്‍ നിന്നും എട്ട് മീറ്റര്‍ താഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്തു നിര്‍മ്മിക്കുന്നതിനും, പുറം ഭാഗത്ത് കരിങ്കല്‍ പാകുന്നതിനുമുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തിക്ക് 4.29 കോടി രൂപയ്ക്കുള്ള ഭരണാനുമതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.