soap-

ലോക പ്രശസ്തമായ മറയൂര്‍ ചന്ദനം വനം വകുപ്പ് ലേലത്തിന് വയ്ക്കുമ്പോള്‍ നല്ലൊരു പങ്കും വിലയ്ക്ക് വാങ്ങുന്നത് മൈസൂര്‍ സാന്‍ഡല്‍ സോപ്പ് കമ്പനിയാണ്. തങ്ങളുടെ സംസ്ഥാനത്തിലെ ചന്ദനത്തടികളും മതിയാവില്ല ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ സുഗന്ധം പരത്തുന്ന സോപ്പ് നിര്‍മ്മിക്കുവാന്‍ എന്നതാണ് വസ്തുത. നൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മൈസൂര്‍ സാന്‍ഡല്‍ സോപ്പ് പിറന്ന കഥയും ഏറെ പ്രശസ്തമാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മൈസൂരിലെ ചന്ദനത്തടികളുടെ സുഗന്ധം യൂറോപ്യന്‍മാരുടെ മനസ് നിറച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാം ലോക മഹായുദ്ധക്കാലത്ത് മൈസൂരില്‍ നിന്നുമുള്ള ചന്ദന കയറ്റുമതി തടസപ്പെടുകയും. ഒരു പോം വഴിയെന്ന വണ്ണം ചന്ദനത്തടികള്‍ ചന്ദനത്തൈലമാക്കി സൂക്ഷിക്കാന്‍ രാജാവ് കൃഷന്‍ രാജ വാഡിയാര്‍ ഉത്തരവിടുകയും ചെയ്തു. ഇതിനായി ചന്ദന ഫാക്ടറി സ്ഥാപിച്ചു. പില്‍ക്കാലത്ത് ചന്ദനത്തടികള്‍ക്ക് പകരമായി ചന്ദനതൈലം കയറ്റുമതിയാരംഭിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ തലവരമാറ്റിയ സോപ്പ് പിറക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുക്കേണ്ടി വന്നു.

മൈസൂര്‍ ചന്ദനത്തൈലം കയറ്റുമതി ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സില്‍ നിന്നും രാജാവിന് ഒരു സുഗന്ധം നിറച്ച പാഴ്സലെത്തി. രാജ്യം കയറ്റുമതി ചെയ്യുന്ന ചന്ദനത്തൈലം കൊണ്ട് നിര്‍മ്മിച്ച സോപ്പുകളായിരുന്നു അത്. സോപ്പിന്റെ സുഗന്ധത്തില്‍ മയങ്ങിയ രാജാവിന്റെ മനസില്‍ എന്നാല്‍ എന്തുകൊണ്ട് സോപ്പും ഇവിടെ നിര്‍മ്മിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ന്നു. എതിര്‍വാ ഉയരാത്ത കാലമായതിനാല്‍ മൈസൂരിന്റെ മണ്ണില്‍ സോപ്പ് നിര്‍മ്മാണം ആരംഭിച്ചു. സോപ്പ് നിര്‍മ്മാണം നേരില്‍ കണ്ട് പഠിക്കുന്നതിനായി പരിശീലനം നേടുന്നതിനായി രാജാവ് എസ്.ജി ശാസ്ത്രിയെ ലണ്ടനിലേക്ക് അയക്കുകയും ചെയ്തു. ശാസ്ത്രി മടങ്ങിയെത്തിയാണ് 1918 ല്‍ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് എന്ന പേരില്‍ സോപ്പ് വിപണിയില്‍ എത്തിച്ചത്.

പിന്നീടങ്ങോട്ട് മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ശുക്രദശയായിരുന്നു. ഒരു സോപ്പിനാല്‍ ഒരു നാട് തന്നെ പ്രശസ്തമായ ചരിത്രമാണ് ഇതിനുള്ളത്. നിരവധി രാജ്യങ്ങളിലേക്ക് സോപ്പ് കയറ്റുമതി ചെയ്യാനും തുടങ്ങി. പില്‍ക്കാലത്ത് വിപണിയില്‍ കനത്ത മത്സരം ഉണ്ടാവുകയും സോപ്പ് കമ്പനി
നഷ്ടത്തിന്റെ പാതയിലെത്തുകയുമായിരുന്നു. എന്നാല്‍ നാടിന്റെ പേരിനെ ലോക പ്രശസ്തമാക്കിയ ഉത്പന്നത്തെ കൈവെടിയാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. നഷ്ടങ്ങളില്‍ നിന്നും കര കയറി അമേരിക്കയും യുറോപ്യന്‍ വിപണിയിലും നിറസാന്നിദ്ധ്യമായി ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ഇന്ന് മൈസൂര്‍ സാനഡല്‍ സോപ്പ് കയറ്റുമതി ചെയ്യുന്നു.