chakravalam

പകലിന്റെയും സന്ധ്യയുടെയും സംഗമത്തിന് സാക്ഷി പകര്‍ന്ന പടിഞ്ഞാറന്‍ ചക്രവാളം തന്റെ വീടിന്റെ ചുവരുകളില്‍ ചെഞ്ചായം വാരിപ്പൂശി വര്‍ണ്ണാഭമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. അവരുടെ ജാര സന്തതിയായ രാത്രി കരിമ്പടം വാരിപ്പുതച്ചു കൊണ്ടെഴുന്നേറ്റു.പേടിച്ചരണ്ട പക്ഷികള്‍ തങ്ങളുടെ താവളങ്ങളില്‍ ചേക്കേറി.ആര്‍ത്തിരമ്പുന്ന തിരമാലകളുടെ ശബ്ദം. ചിലപ്പോള്‍ ഹുങ്കാര ശബ്ദത്തോടെ കരയിലേക്ക് ആഞ്ഞടിച്ച് ചിതറി. അമ്മയോട് ചേര്‍ന്നു നിന്ന കൊച്ചു ടെസ്സ വാശി പിടിച്ചു ചിണുങ്ങി:

'അമ്മേ അപ്പയെന്തേ ഇത്രേം താമസിക്കുന്നേ - ?' 'ഇപ്പോള്‍ വരും മോളേ വരേണ്ട സമയമാവണതേയുള്ളു.മോളു വന്ന് വല്ലതും കഴിക്കെടാ' ക്രിസ്റ്റീന പറഞ്ഞതൊന്നും ആ കുഞ്ഞു മനസില്‍ കയറിയില്ല. അവള്‍ അവളുടെ അപ്പ വരുന്നതും നോക്കിയിരുന്നു. 'ഇല്ല അപ്പ വന്നേ ഞാന്‍ കഴിക്കു' ടെസ്സ പിന്നേം ചിണുങ്ങി.

'ശരി ശരി മുത്ത് പിണങ്ങണ്ട അപ്പ വരട്ടെ - അല്ല എന്നാ കാര്യം - എന്തോ ഉണ്ടല്ലോ പറയ് അമ്മ കേള്‍ക്കട്ടെ ' മകളുടെ ഉള്ളിലെ കാര്യങ്ങളറിയാന്‍ ക്രിസ്റ്റീനയ്ക്കും ആകാംക്ഷയായി.

'ഉം ഉണ്ട് പക്ഷേ അതേ അപ്പ വന്നിട്ടേ പറയൂ ..' അവളുടെ കുഞ്ഞിക്കണ്ണുകള്‍ പുറത്തേക്ക് പാഞ്ഞു അപ്പായെ തിരക്കി.ജോസിന്റെയും ക്രിസ്റ്റീനയുടേയും ഏകമകള്‍ അഞ്ചു വയസുകാരി കൊച്ചു ടെസ്സ .അപ്പ ലാളിച്ചു വഷളാക്കുന്നു എന്നാണ് ക്രിസ്റ്റീനയുടെ പരാതി. ജോസിന് മകളെന്നു വച്ചാല്‍ ജീവനാണ്. അവള്‍ക്ക് തിരിച്ചും. മകളെ പഠിപ്പിച്ച് പഠിപ്പിച്ച് കളക്ടര്‍ തന്നെ ആക്കണം അതാണ് ജോസിന്റെ ആഗ്രഹം .

'അവളൊരു കളക്ടറായിട്ടു വേണം തുറക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍'.
ജോസ് എപ്പോഴും പറയും.

ടെസ്സ പഠിക്കാന്‍ മിടുക്കിയാണ്. കൊച്ചു കുട്ടിയാണെങ്കിലും അന്നന്നത്തെ പാഠങ്ങള്‍ പഠിച്ചു തീര്‍ത്തിട്ടേ അവളുറങ്ങാറുള്ളു.

'കൊച്ചു കളക്ടറുമായി എങ്ങോട്ടാ... ?'ജോസും ടെസ്സയും കൂടി ഒഴിവു സമയങ്ങളില്‍ കടല്‍ത്തീരം വഴി നടക്കുമ്പോള്‍ കൂട്ടുകാര്‍ വിളിച്ചു ചോദിക്കും, ഇതു കേട്ട് ജോസ് കൊച്ചു ടെസ്സയെ എടുത്തു പൊക്കി അവരോട് പറയും:

'നിങ്ങള് നോക്കിക്കോ ഇവള് പഠിച്ച് കളക്ടറാകും. അപ്പോള്‍ സഹായം ചോദിച്ചു വന്നേക്കണം അല്ലേടാ മുത്തേ'
അതാലോചിച്ചു ക്രിസ്റ്റീന അറിയാതെ ചിരിച്ചു.

ദൂരെ നിന്നും ജോസിന്റെ നിഴലുകണ്ട കൊച്ചു ടെസ്സ വിളിച്ചു കൂകി..'അമ്മാ അപ്പ വന്നേ അപ്പാ വന്നേ' കൊച്ചു ടെസ്സയുടെ വിളി കേട്ട് ക്രിസ്റ്റീന സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.

'എന്താ പൊന്നേ വൈകിയേ ദേ, നിങ്ങടെ മോളെന്നെ ഇരുത്തി പൊറുപ്പിച്ചിട്ടില്ല അറിയോ?'.

'ഏയ് കുറച്ചു പലവ്യഞ്ജനം വാങ്ങാന്‍ കയറി. പിന്നെ ദേവസിയുടെ കുഞ്ഞിന് സുഖമില്ല.അവിടേയും ഒന്നു കയറി'. കുട്ടിക്കാലം മുതല്‍ ജോസിന്റെ നിഴലായി നടക്കുന്ന ആളാണ് ദേവസ്യ. എന്തിനും ഏതിനും ജോസിന്റെ കൂടെക്കാണും. എന്നാല്‍ ജോലിക്ക് പോകാന്‍ മടിയാണവന് .എന്തെങ്കിലും കാരണം അവന്‍ കണ്ടെത്തിയിരിക്കും.

കൈയിലിരുന്ന പലഹാര പൊതിമോള്‍ക്കു നീട്ടിക്കൊണ്ട് ജോസു പറഞ്ഞു.
'ഞാന്‍ മേലുകഴുകിയിട്ടു വരാം, നീ കഞ്ഞി വിളമ്പ് - അപ്പാടെ മുത്തു കഴിച്ചോടാ'

' ഉം.കഴിച്ചു - കഴിച്ചു അപ്പ വന്നിട്ടു കഴിക്കാമെന്ന് ഒരേ വാശിയിലാ പെണ്ണ്.' ക്രിസ്റ്റീന കള്ള ദേഷ്യത്തില്‍ ടെസ്സയുടെ നേര്‍ക്കു കൈയോങ്ങി. ടെസ്സ നാക്കു നീട്ടി കൊഞ്ഞണം കുത്തി ജോസിനെ പുറകിലൂടെ വട്ടം പിടിച്ചു.

'അച്ചോടാ എന്തു പറ്റി ' ജോസ് അവരുടെ കവളില്‍ ഒന്നു കിള്ളി.
' അപ്പാ പോയി പെട്ടെന്നു വാ ' ടെസ്സ ജോസിനെ പിടിച്ചു വലിച്ചു.

'എന്നാലേ അപ്പ ദേ പോയി ദാ വന്നു '-ജോസ് ടെസ്സയുടെ കവിളിലൊരു മുത്തം നല്‍കി മെല്ലെ വെളിയിലേക്കിറങ്ങി
'അപ്പാ പെട്ടെന്നു വാ ഒരു കൂട്ടം കാണിച്ചു തരാനുണ്ടേ' ടെസ്സ അകത്തുനിന്നും അക്ഷമയോടെ വിളിച്ചു കൂകി.
'ദേ അപ്പനെത്തിയെടാ പൊന്നേ ' ജോസിന്റെ മറുപടി അവള്‍ക്കു രസിച്ചില്ലെന്ന് അവളുടെ മുളലില്‍ നിന്നയാള്‍ക്കു മനസിലായി.
' ഉം ' താത്പര്യമില്ലാത്ത ആ കുഞ്ഞു മൂളല്‍ തിരമാല ശബ്ദത്തില്‍ അലിഞ്ഞു ചേര്‍ന്നു.

'മുത്തേ ദാ അപ്പനെത്തി എന്താ സംഭവം പറയ് കേള്‍ക്കട്ടെ, എന്താ ' പെട്ടെന്ന് കുളി കഴിഞ്ഞെത്തിയ ജോസ് കുഞ്ഞു ടെസ്സയെ വാരിയെടുത്തു ഉമ്മ വച്ചു'

'വിട്-വിടപ്പാ ഞാന്‍ കാണിക്കട്ടെ 'ജോസ് ടെസ്സയെ താഴെയിറക്കി. കുഞ്ഞു ടെസ്സ ഓടി ചെന്ന് ബുക്കുമായി മടങ്ങി എത്തി - 'കണ്ടോ എനിക്ക് എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്ക് .എനിക്കു മാത്രേ ഫുള്ള് കിട്ടിയുള്ളു.' കൊഞ്ചി കൊഞ്ചി അവള്‍ പറഞ്ഞു.
' അല്ലെലും നീ ജോസിന്റെ മോളല്ലേ ' ജോസ് ടെസ്സയെ വാരിയെടുത്തുയര്‍ത്തി.

'അപ്പാ, അപ്പാ. പിന്നെ എനിക്ക് ഒരു കാര്യം വാങ്ങിത്തര്വോ ?'

'എന്താ മുത്തേ, പറ അപ്പ എന്റെ ചക്കരയ്ക്ക് വാങ്ങിത്തരാലോ ?' ജോസിന്റെ മറുപടിയവള്‍ക്കു ആശ്വാസം പകര്‍ന്നു.

'അതേയ് അപ്പാ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും കൊലുസുണ്ട് -പക്ഷേ മോള്‍ക്കു മാത്രമില്ല. ' അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു.
'അയ്യെടാ ഇതാണോ വലിയ കാര്യം അപ്പ നാളെത്തന്നെ വാങ്ങിത്തരാം അപ്പേടെ മുത്തിന് സന്തോഷമായോ'-

''നല്ല അപ്പ ടെസ്സ അപ്പായെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.

' ലാളിച്ച് ലാളിച്ച് കൊച്ചിനെ വഷളാക്കും ഞാന്‍ പറഞ്ഞേക്കാം.' ക്രിസ്റ്റീന കള്ള ദേഷ്യത്തില്‍ കണ്ണുരുട്ടി.

'പോടി നമുക്കിവളല്ലേ ഉള്ളു - എന്റെ കുഞ്ഞിനെ ഞാന്‍ കൊലുസല്ല വിമാനം വരെ വാങ്ങി കൊടുക്കും അല്ല പിന്ന'

'ഏയ് അമ്മ ചമ്മിയേ ' ടെസ്റ്റ ഉറക്കെ ചിരിച്ചു.

'ദേ നിങ്ങളായി നിങ്ങളുടെ പാടായി വാ കഞ്ഞിക്കുടിക്കാം രാവിലെ കടലില്‍ പോകണ്ടായോ? 'അവര്‍ മൂന്നു പേരും കഞ്ഞികുടിച്ചു. കുഞ്ഞുറങ്ങി തൊട്ടടുത്ത കുടിലുകളിലെ വിളക്കുകള്‍ അണഞ്ഞു അവരുടേയും. ജോസിന്റെ കരവലയത്തിലമര്‍ന്ന ക്രിസ്റ്റീന മെല്ലെ ആ കൈകളകത്തി ജോസിനഭിമുഖമായി കിടന്നു.
'പിന്നെ ഇന്ന് കറിയാച്ചന്‍ വന്നിരുന്നു. അവസാന തീയതിയും കഴിഞ്ഞെന്നു പറഞ്ഞു ദേഷ്യപ്പെട്ടു. രണ്ടു ദിവസത്തിനകം പൈസ കൊടുത്തില്ലെങ്കില്‍ വള്ളവും വലയും കൊണ്ടു പോകുമെന്നു പറഞ്ഞു.' ക്രിസ്റ്റീന അന്നു ബ്ലേഡു കറിയാച്ചനും ഗുണ്ടകളും വന്ന കാര്യം ജോസിനെ അറിയിച്ചു.
'ഉം എന്നെ അന്വേഷിച്ച് വള്ളപ്പുരയില്‍ ചെന്നെന്നറിഞ്ഞു. വാങ്ങിയതിന്റെ ഇരട്ടി കൊടുത്തു. അതെല്ലാം പലിശയെന്നാ പറയുന്നത്. വാങ്ങിയതല്ലേ, കൊടുത്താലല്ലേ പറ്റു. ഒരു ചാകര വന്നിരുന്നെങ്കില്‍ കടം തീര്‍ക്കാമായിരുന്നു.പിന്നെ സ്വസ്ഥമാകുമായിരുന്നു. നാളെ കിട്ടുന്നത് കൊടുത്തൊരവധി കൂടി വാങ്ങാം' ജോസൊന്നു നിര്‍ത്തി.

'നീ സമാധാനമായിരിക്കു ക്രിസ്റ്റീ. കര്‍ത്താവ് ഒരു വഴി കാണിച്ചു തരും. ഉം ഉറങ്ങാം ' അയാള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ണു വായിച്ചു. ഓലയുടെ വിടവിലൂടെ നിലാവരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു.


മറ്റുള്ളവര്‍ സുഖമായി കിടന്നുറങ്ങുമ്പോള്‍ കടല്‍ പണിക്കാരുടെ ദിവസം ആരംഭിക്കുകയായി.
നേരം പുലര്‍ച്ചെ 3 മണി- ക്രിസ്റ്റീന ജോസിനു കടലില്‍ കൊണ്ടു പോകുന്നതിനുള്ള ആഹാരം പാത്രത്തിലാക്കി. ജോസ് ടെസ്സയെ ഉണര്‍ത്താതെ അവളുടെ കുഞ്ഞു കവിളില്‍ ഉമ്മ കൊടുത്തു. ക്രിസ്റ്റീനയെ മാറോടു ചേര്‍ത്തു പുറത്തിറങ്ങി.
ജോസ് അദ്ധ്വാനിയാണ്. മറ്റുള്ളവരെപ്പോലെ മദ്യപാനം പുകവലി ഒന്നും തന്നെ ഇല്ല . കടല്‍ പിന്നെ വീട് ഇടയ്ക്ക് ഭാര്യയേയും കുഞ്ഞിനേയും കൂട്ടി പുറത്തു പോകും - മറ്റു പെണ്ണുങ്ങള്‍ അസൂയയോടെയാണവരെ കാണുന്നത്.
' ജോസേ, ഒന്നു നിന്നേ ' മുന്നില്‍ വഴി തടഞ്ഞു നില്‍ക്കുന്ന ബ്ലേഡ് കറിയാച്ചനേയും സംഘത്തേയും കണ്ട ജോസ് ഞെട്ടി. തന്റെ ഉള്ളിലെ ആന്തല്‍ പുറത്തു കാണിക്കാതെ ജോസ്: 'എന്താ കറിയാച്ചാ പതിവില്ലാതെ നട്ടാ പാതിരയ്ക്ക് ഞാന്‍ ഇന്നങ്ങോട്ടു വന്നു കാണാനിരിക്കുകയായിരുന്നു'.
'എന്തിനാ അവധിക്കായിരിക്കും ' കറിയാച്ചനില്‍ പുച്ഛം.പിന്നെ ഇനി ഒരവധിക്കു വേണ്ടി അങ്ങോട്ടു വരണമെന്നില്ല അതു ഞാനങ്ങു തന്നേക്കാം, ഒരാഴ്ച കൂടി. മുതലും പലിശയും സഹിതം തന്നു തീര്‍ക്കണം. ഇല്ലെങ്കില്‍ കറിയാച്ചന്റെ തനിനിറം കാണും -ഉം വരിനെടാ' കറിയാച്ചന്‍ ഇരുട്ടിലേക്കു മടങ്ങി.
ദേവസ്യ ജോസിനെ ആശ്വസിപ്പിച്ചു. വഴിയുണ്ടാക്കാം.
വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ട ക്രിസ്റ്റീന വിളക്കുമായി വാതില്ക്കല്‍ എത്തി.
'ജോസായിരിക്കുമോ, എന്തുപറ്റി?'
'ആരാ, പുറത്ത് ' മറുപടിക്ക് വീണ്ടും വാതിലില്‍ മുട്ടുമാത്രം അവള്‍ അടുക്കളയില്‍ നിന്നും വാക്കത്തി എടുത്ത് പുറകില്‍ പിടിച്ചു. 'ആരാ ആരാന്ന് ' അവള്‍ വാതിലിന്റെ കുറ്റിയെടുത്തു.

കട്ടളപ്പടിയില്‍ ഇരു കൈകളുമമര്‍ത്തി വല്ലാത്ത ഭാവത്തില്‍ നില്‍ക്കുന്ന കറിയാച്ചനെ കണ്ടവള്‍ ഞെട്ടി.

' അച്ചായന്‍ കടലില്‍ പോയി. രാത്രി അങ്ങോട്ടു വരുമെന്നു പറഞ്ഞു '.വിക്കി വിക്കി അവള്‍ പറഞ്ഞു.
' ഞാന്‍ കണ്ടു കാര്യവും സംസാരിച്ചു. നീ മനസു വച്ചാല്‍ ഈ കറിയാച്ചന്‍ മുതലും പലിശയും വേണ്ടന്നങ്ങു വയ്ക്കും നീ മനസു വയ്ക്കണം എന്താ ' അയാളുടെ നോട്ടവും സംസാരവും ഇഷ്ടപ്പെടാത്ത അവള്‍ പുറത്തേക്കു കൈ ചൂണ്ടി:
'ഇന്നലെ നിങ്ങള്‍ പറഞ്ഞത് ജോസച്ചായനോടു ഞാന്‍ പറഞ്ഞിട്ടില്ല. ഇനിയിതാവര്‍ത്തിക്കരുത് ആവര്‍ത്തിച്ചാല്‍ ' അവള്‍ കൈയിലൊളിപ്പിച്ച വാക്കത്തി പുറത്തെടുത്തു.

പെണ്ണേ നിന്റെ വാക്കത്തി കണ്ടൊന്നും പേടിക്കുന്നവനല്ല ഈ കറിയാച്ചന്‍ ബലപ്രയോഗം എനിക്കിഷ്ടമല്ല. നീ തീരുമാനിക്ക് കിടപ്പാടവും വള്ളവും പോണോ അതോ ...' അയാള്‍ മെല്ലെ തിരിഞ്ഞു.

' മറുപടി നാളെ മതി ഞാന്‍ കാത്തിരിക്കാം''. തന്റെ കീഴ് ചുണ്ടമര്‍ത്തി വഷളന്‍ ചിരിയോടയാള്‍ അവിടെ നിന്നും പോയി.

പിറ്റേന്നു വൈകുന്നേരം മുതല്‍ ടെസ്സ വഴിക്കണ്ണുമായി അപ്പായെ കാത്തിരുന്നു.

'വരുമെടി നീ വല്ലതും കിഴക്ക് '

'വേണ്ട അപ്പ വരട്ടെ '
അപ്പ കൊണ്ടുവരുന്ന കൊലുസിനെ ഓര്‍ത്തവളിരുന്നു. എങ്ങനെയുണ്ടാകും, മുത്തെത്രയെണ്ണം കാണും നടക്കുമ്പോള്‍ കിലുങ്ങുമോ....? അവള്‍ സ്വപനം കണ്ടുറങ്ങി.

'പാവം കുഞ്ഞ് 'ക്രിസ്റ്റിന പിറുപിറുത്തു.
സമയം ഒച്ചിന്റെ വേഗതയില്‍ നീങ്ങി
ജോസെത്തിയില്ലല്ലോ എന്താ വൈകുന്നത് .എത്തേണ്ട സമയം കഴിഞ്ഞല്ലോ ക്രിസ്റ്റീന പുറത്തിറങ്ങി.
കുറച്ചു പേര്‍ ക്രിസ്റ്റീനയുടെ വീടിനടുത്തേക്ക് വരുന്നുണ്ടായിരുന്നു.
ങാ ജോസ് വരുന്നല്ലോ ഓ-മറന്നു മോള്‍ക്ക് പാദസരം വാങ്ങാന്‍ പോയതുകൊണ്ടായിരിക്കും താമസിച്ചത് പാവം' ക്രിസ്റ്റീന മനസിലോര്‍ത്തു.

'ജോസല്ലല്ലോ: പിന്നെയാരാ ?
ദേവസ്യാച്ചന്‍- പിന്നെ അറിയാവുന്ന കുറെപ്പേര്‍.

'ക്രിസ്റ്റീനാ മോളെ......, ദേവസ്യാച്ചന്‍ വിളിച്ചു.
'എന്താ ദേവസ്യാച്ചാ ,
ജോസെവിടെ - '

'മോളെ - അത് - ....'
'എന്താ അച്ചായ പറയ് ജോസെവിടെ '

' മോളെ ഞങ്ങളുപോയ വള്ളം മറിഞ്ഞു. സൈമണും ഞാനും രക്ഷപ്പെട്ടു. പക്ഷേ'

'പക്ഷേ ...... ക്രിസ്റ്റീനയുടെ നെഞ്ചില്‍ ഒരിടിത്തീ വീണു.

'മോളെ ജോസിനെ കിട്ടിയില്ല'

'അച്ചായാ എന്റെ ജോസ് '-
ക്രിസ്റ്റീനയുടെ കണ്ണുകളില്‍ ഇരിട്ടുകയറി. അവള്‍ പുറകിലേക്കു മറിഞ്ഞു വീണു.അമ്മയുടെ
നിലവിളി കേട്ട് കൊച്ചുടെസ്സ ഓടി വന്നു.
'അപ്പാ വന്നോ അമ്മേ':
തറയില്‍ കിടക്കുന്ന അമ്മയെ കണ്ടവള്‍ സ്തബ്ധയായി. ഓടികൂടിയ ആളുകള്‍ ക്രിസ്റ്റീനയെ വീടിനകത്തു കയറ്റി. മുഖത്ത് വെള്ളം തളിച്ചു. ആളുകളുടെ എണ്ണം കൂടി. ക്രിസ്റ്റീന ആ നാട്ടിലെ പ്രമുഖനായ മിഖായേലിന്റെ മകള്‍ - കടല്‍ പണിക്കാരനായ ജോസിനെ പ്രണയിച്ച് വീടുവിട്ടിറങ്ങി വന്നവള്‍ - ജോസിന് ക്രിസ്റ്റീനയും, ക്രിസ്റ്റീനയ്ക്ക് ജോസും - പിന്നെ കൊച്ചു ടെസ്സയും -പിന്നെയവള്‍ അവളുടെ വീട്ടില്‍ പോയിട്ടില്ല - അവര്‍ കയറ്റിയതുമില്ല.
* * * * * *
പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റു ഗാര്‍ഡും നാട്ടുകാരും തിരച്ചില്‍ നടത്തി - ശക്തമായ തിരകള്‍ പുലിമുട്ടില്‍ ആഞ്ഞടിച്ചു ആര്‍ത്തട്ടഹസിച്ചു കൊണ്ടിരുന്നു അത് തിരച്ചിലിനെ അലസോര പെടുത്തി -തിരച്ചില്‍ സാവകാശമായി .
ദിവസം രണ്ടു കഴിഞ്ഞു ജോസിന്റെ ചേതനയറ്റ ശരീരം കടലമ്മ തിരികെ നല്‍കി. ആളുകള്‍ മൃതശരീരവുമായി റോഡുപരോധിച്ചു. അശാസ്ത്രീയമായി പുലിമുട്ടുവിന്യാസം പലരും സംസാരിച്ചു. മദ്ധ്യസ്ഥന്മാര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവസാനം പുന:പരിശോധന ഉറപ്പു നല്‍കി ,ശരീരം ആശുപത്രിയിലേക്കു മാറ്റി. സ്ഥിരം പല്ലവി.
ക്രിസ്റ്റീനയും കൊച്ചു ടെസ്സയും കണ്ണിമവെട്ടാതെ കാത്തിരുന്നു അവരുടെ പ്രിയപ്പെട്ടവന്‍ ഒരപകടവും കൂടാതെ വരാന്‍.

'ശരീരം കിട്ടി ആരോ അറിയിച്ചു. 'എന്റെ ജോസേ... '

അലമുറയിട്ടു കൊണ്ട് ക്രിസ്റ്റീന പുറത്തേക്കു പാഞ്ഞു ഒപ്പം കുഞ്ഞു ടെസ്സയും. ആള്‍ക്കാര്‍ അവരെ ബലമായി അകത്തേക്ക് കൊണ്ടുപോയി.
പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് ശരീരം വീട്ടിലെത്തി -

'ചീര്‍ത്തുവീര്‍ത്ത മൃതശരീരം കൂടുതല്‍ നേരം വയ്ക്കണ്ട -പെട്ടെന്നെടുക്കണം - ഒരു നോക്ക് കാണിക്കണം. പെട്ടെന്നാകട്ടെ ' പുരോഹിതന്‍ നിര്‍ദ്ദേശിച്ചു. ക്രിസ്റ്റീന ശവപ്പെട്ടിയില്‍ വീണ് ഹൃദയം പൊട്ടി കരഞ്ഞു ഒപ്പം കൊച്ചു ടെസ്സയും - അവിടെ കൂടിയിരുന്നവരുടെ ഹൃദയം പൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു അത്.

'എന്റെ ജോസിനെ കാണിക്കു ഞാനൊന്നവനെ അവസാനമായി കണ്ടോട്ടെ - അച്ചോ ഞാന്‍ ഒന്നു കണ്ടോട്ടെ '
'വേണ്ട മോളെ കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ' അച്ചന്‍ തടസപ്പെടുത്തി -
'ഇല്ലച്ചോ എനിക്കു കാണണം അവസാനമായി ഒരു ചുംബനം കൊടുക്കണം എനിക്കു കണ്ടേ തീരു'
ക്രിസ്റ്റീനയുടെ
ഹൃദയഭേദകമായ കരച്ചില്‍ കേട്ട് പുരോഹിതന്‍ കുഞ്ഞിനെ അവിടെ നിന്നു മാറ്റാനും പെട്ടി തുറക്കാനും ആവശ്യപ്പെട്ടു. പെട്ടി തുറന്നു ക്രിസ്റ്റീന മീന്‍ കൊത്തി വികൃതമാക്കിയ ചുണ്ടുകളില്‍ അന്ത്യചുംബനം നല്‍കി പ്രീയതമനെ യാത്രയാക്കി. എല്ലാവരും പള്ളിയിലേക്ക് ശവമഞ്ചത്തെ അനുഗമിച്ചു. അയല്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഒരു തുള്ളി വെള്ളമെങ്കിലും കുടിക്കാന്‍, പക്ഷേ ആരും പറയുന്നതൊന്നും അവളുടെ ചെവികളില്‍ പതിച്ചില്ല. ദൃഷ്ടി ദൂരെ സ്ഥലത്ത് അര്‍പ്പിച്ച് അവള്‍ ഇരുന്നു മടിയില്‍ ഒന്നുമറിയാതെ കൊച്ചു ടെസയും,
ആരുമില്ലാ അവര്‍ക്കി ലോകത്ത്. എങ്ങനെ തന്റെ മകള്‍ കളക്ടറാകും ജോസിന്റെ ആഗ്രഹം എങ്ങനെ സാധിക്കും. പക്ഷേ ഇനി എങ്ങനെ മുന്നോട്ട്?'

ദേവസ്യാച്ചന്റെ വീട്ടില്‍ നിന്നും മേരി ഒരു പാത്രത്തില്‍ ആഹാരം കൊണ്ടുവച്ചു.

'കഴിക്ക് കൊച്ചേ,പോയവര്‍ പോയി അതിവിടെ പതിവാ - നീ ഇങ്ങനെ ഇരുന്നാലോ ആ കൊച്ചും കഴിച്ചിട്ടില്ല. കഴിക്ക്, ഞാന്‍ വരുമ്പോഴേക്ക് കഴിച്ചേക്കണം'

'ഉം അവിടെ വച്ചേക്കു ചേച്ചി ഞാന്‍ കഴിക്കാം' തീരുമാനിച്ചതു പോലെ ക്രിസ്റ്റീന പറഞ്ഞു.

'ഞാനിപ്പോള്‍ വരാം 'മേരി പുറത്തേക്കു പോയി. ക്രിസ്റ്റീനയുടെ മനസില്‍ ചില ഓര്‍മ്മകള്‍ മിന്നി മറഞ്ഞു.
ജോസവളോടു മുമ്പ് പറഞ്ഞിട്ടുള്ളത് ഇപ്പോള്‍ വന്നു പറയുന്നതുപോലെ അവള്‍ക്കു തോന്നി.
'കടലിലെ ജീവിതങ്ങള്‍ മിക്കവാറും കടലില്‍ തന്നെ പൊലിയും, പക്ഷേ അവരുടെ കുടുംബം പിന്നെങ്ങനെ കഴിയും ...?ആരു സഹായിക്കും....? ദാരിദ്ര്യവും കുത്തുവാക്കും ചിലപ്പോള്‍ ശാപവാക്കും പതിവാണ്.
നീ എനിക്കങ്ങനെ സംഭവിച്ചാല്‍ തിരികെ നിന്റെ വീട്ടിലേക്കു് തിരികെ പോകണം. പിന്നെ ഇവിടെ നില്‍ക്കരുത്. നിന്നാല്‍ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നീയും കുഞ്ഞും കഷ്ടപ്പെടും'
താനപ്പോഴെല്ലാം ജോസിനെ ശാസിച്ചിട്ടുണ്ട്. 'അങ്ങനെ ഒന്നും പറയരുത്. കര്‍ത്താവ് നമ്മളെ അടര്‍ത്തില്ല-

പക്ഷേ ഇപ്പോള്‍ -- ....?'
ഇല്ല ജോസിന്റെ ഭാര്യയും കുഞ്ഞും ഒരു കാലത്തും ജോസില്ലാത്ത സ്ഥലത്തുണ്ടാകില്ല' അവള്‍ ഉറച്ച തീരുമാനത്തോടെ എഴുന്നേറ്റു.വീടിന്റെ അലമാരിയില്‍ ഉണ്ടായിരുന്ന വിഷക്കുപ്പി കൈയിലെടുത്തു.
ജോസ് തന്നെ കെട്ടിയില്ലെങ്കില്‍ കുടിക്കാന്‍ കൊണ്ടുവന്ന വിഷം ജോസ് പിടിച്ചു വാങ്ങി പ്രേമത്തിന്റെ സ്മാരകമായി ഇവിടെ തന്നെ ഇരിക്കട്ടെ എന്നു പറഞ്ഞ് അലമാരിയില്‍ വച്ചത്. അതു മുഴുവനും ചോറില്‍ ഒഴിച്ച് മകളെ വിളിച്ചുണര്‍ത്തി: 'അപ്പാ വന്നോ അമ്മേ: 'ഉം വന്നു ദേ നമ്മളെ കൊണ്ടുപോകാന്‍ കാത്തു നില്‍ക്കുന്നു .' കൊലുസു വാങ്ങാനാണോ അമ്മേ പോകുന്നത് 'അവള്‍ ക്ഷീണ സ്വരത്തില്‍ കൊഞ്ചി - 'അതെ മുത്തേ കഴിക്ക്, കഴിക്ക് നമുക്കു പോകാം അപ്പ പറഞ്ഞിട്ടില്ലേ അപ്പായില്ലെങ്കില്‍ നമ്മളിവിടെ നില്‍ക്കരുതെന്ന് നമുക്ക് പോകാം താമസിച്ചാല്‍ അപ്പ വിഷമിക്കും - വേഗം കഴിക്ക് '
' അപ്പാ വരുമോ? വരുമ്പോള്‍ മോക്കു കൊലുസു വാങ്ങി തരുമോ? ' ടെസ്സയുടെ ചുണ്ടുകള്‍ വിതുമ്പി.

' വരും ഇപ്പോള്‍ വരും കഴിച്ചാലേ വരുകയുള്ളു ഇല്ലെങ്കില്‍ അപ്പ പിണങ്ങും, മമ്മ വാരിത്തരാം മുത്ത് വാ തുറക്ക് ' ക്രിസ്റ്റീന കരയാതിരിക്കാനായി ചുണ്ടു കടിച്ചു പിടിച്ചു. ക്രിസ്റ്റീന ഓരോ ഉരുളകളായി ടെസ്സയുടെ കുഞ്ഞുവായയില്‍ വച്ചു കൊടുത്തു ഒപ്പം തന്റെ വായിലേക്കും.

' മമ്മാ മോള്‍ക്കു 'മോള്‍ക്ക് ചര്‍ദ്ദിക്കാന്‍ വരുന്നു.മ..മ്മാ, മ ....മ്മാ....മോ.... ള്‍ ക്ക്... വയ്യ....' കുഞ്ഞു ടെസ്സയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി .
ക്രിസ്റ്റീന അവളെ തന്റെ ശരീരത്തോടു ചേര്‍ത്തു പിടിച്ചു ബാക്കിയുണ്ടായിരുന്ന ചോറു കൂടി തന്റെ വായിലേക്കു വച്ചു.കഴിച്ചു മുഴുവനാക്കും മുന്‍പ് തന്നെ ജോസിന്റെ അദൃശ്യകൈകള്‍ അവരുടെ കൈകളില്‍ പിടിച്ചു -വാ വേഗം പോകാം - വേഗം.... വേഗം.


-ശുഭം -