നോയിഡ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കൃഷിസ്ഥലത്ത് ഉപേക്ഷിച്ച അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായ നഗരമായ നോയിഡയിലാണ് സംഭവം. ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ നിന്നുള്ള ദമ്പതികള്‍ നോയിഡയിലെ മംഗ്രൗലി ഗ്രാമത്തില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് ഉത്തം ലാല്‍ ഏലിയാസ് ഗുൽച്ഛ എന്നയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പതിവായി മദ്യപിച്ചെത്തി ഭാര്യയുമായി ഉത്തം ലാല്‍ വഴക്കിടുമായിരുന്നു എന്ന് പൊലീസ് പറയുന്നു. രണ്ട് ദിവസം മുന്‍പും അത്തരത്തില്‍ കലഹമുണ്ടാവുകയും ഭാര്യയെ ഉത്തം ലാല്‍ കൊലപ്പെടുത്തുകയുമായിരുന്നു. കൈകള്‍ കൊണ്ട് ഭാര്യയെ തല്ലുകയും തലയ്ക്ക് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം സമീപത്തുള്ള കൃഷിയിടത്ത് ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.