ഗാസിയാബാദ് : ബക്രീദ് ദിനത്തില്‍ തന്റെ മണ്ഡലത്തില്‍ മൃഗബലി അനുവദിക്കരുതെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത ബി ജെ പി എം എല്‍ എ നന്ദ കിഷോര്‍ ഗുര്‍ജാര്‍ന്റെ വാക്കുകള്‍ വിവാദത്തില്‍. കാലം മാറുന്നതിന് അനുസരിച്ച് ആചാരങ്ങളില്‍ മാറ്റം വരുത്തണമെന്നും, ഹിന്ദുക്കള്‍ ബലിയര്‍പ്പിക്കുന്നത് പ്രതീകാത്മകമാക്കിയതു പോലെ മറ്റു മത വിഭാഗങ്ങളും ചെയ്യണമെന്നും ഗാസിയാബാദിലെ ലോനിയില്‍ നിന്നുള്ള ബിജെപി എം എല്‍ എ അഭിപ്രായപ്പെട്ടു. മൃഗബലി നിര്‍ത്തിവയ്ക്കുന്നതിലൂടെ കൊവിഡ് വ്യാപനം തടയാനാവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിണ്ടാപ്രാണിയെ കൊന്ന് തിന്നുകയാണെങ്കില്‍, അടുത്ത ജന്മത്തില്‍ അവര്‍ ആടായി മാറുമെന്നും, മറ്റുള്ളവര്‍ അതിനെ കൊന്നു തിന്നുമെന്നും നന്ദ കിഷോര്‍ ഗുര്‍ജാര്‍ പറഞ്ഞു.
ഹിന്ദു ധര്‍മ്മത്തില്‍ ബലികര്‍മ്മങ്ങളില്‍ ഒരു കാലത്ത് വിശ്വാസമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രതീകാത്മകമായി തേങ്ങ ഉടച്ച് അത് നിര്‍വഹിക്കുന്നു. ഇതു പോലെയുള്ള മാറ്റങ്ങള്‍ കൊണ്ടു വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് നന്ദ കിഷോര്‍ ഗുര്‍ജാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വന്തം പാര്‍ട്ടി തന്നെ എം എല്‍ എയുടെ അഭിപ്രായത്തെ തീര്‍ത്തും വ്യക്തിപരം എന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം എതിര്‍ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ വാക്കുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.